വിദ്യാർഥികൾ വരയ്ക്കാൻ കാത്തിരുന്നത് ഒൻപതര മണിക്കൂർ!
Mail This Article
കായംകുളം ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ കൊളാഷ്, കാർട്ടൂൺ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾ കാത്തിരുന്നത് ഒൻപതര മണിക്കൂർ! രാവിലെ 9 നു തുടങ്ങുമെന്നറിയിച്ച മത്സരം ആരംഭിച്ചത് വൈകിട്ട് 6.30ന്. അതും രക്ഷിതാക്കളുടെ ബഹളം മൂലം. അല്ലെങ്കിൽ കൊളാഷ് മത്സരം തുടങ്ങാൻ 8.30 വരെ കാത്തിരിക്കേണ്ടി വന്നേനെ! എല്ലാ രചനാമത്സരങ്ങളും രാവിലെ 9ന് ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. 9നു തന്നെ വിദ്യാർഥികളെല്ലാം വേദിയിലെത്തി. എന്നാൽ ഒരു മത്സരം പൂർത്തിയായ ശേഷമാണ് അടുത്തതു നടത്തിയത്. ഇതോടെ വിദ്യാർഥികൾ കാത്തിരിപ്പു തുടങ്ങി.
മുറിയുടെ വരാന്തയിൽ കാത്തിരുന്ന വിദ്യാർഥികളെ പൊലീസെത്തി നീക്കിയതോടെ കുട്ടികൾ വെയിലത്തു കുടചൂടി കാത്തിരുന്നു. എന്നാൽ സന്ധ്യയായിട്ടും കാർട്ടൂൺ, കൊളാഷ് മത്സരങ്ങൾ തുടങ്ങാതായതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുട്ടു പരന്നാൽ സ്കൂൾ വളപ്പിൽ കുട്ടികൾ ഇരിക്കുന്നതു സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഈ സമയം യു.പ്രതിഭ എംഎൽഎ സ്ഥലത്തുണ്ടായിരുന്നു. 6.30ന് കാർട്ടൂൺ മത്സരവും ഇതു പൂർത്തിയായ ശേഷം 8.30ന് കൊളാഷ് മത്സരവും നടത്താനായിരുന്നു സംഘാടകരുടെ തീരുമാനം. പ്രതിഷേധം കനത്തത്തോടെ രണ്ടു മത്സരങ്ങളും ഒരുമിച്ച് നടത്താൻ തീരുമാനിച്ചു. മത്സരവേദികളിൽ ലൈറ്റ് സജ്ജീകരിക്കുകയും ചെയ്തു. രാത്രി എട്ടോടെയാണു മത്സരങ്ങൾ പൂർത്തിയായത്.