വലിയ വള്ളങ്ങളുടെ അമിത വേഗം: ചെറുവള്ളങ്ങൾക്കും കായല്‍ ഭിത്തിക്കും ഭീഷണി
Mail This Article
മുതുകുളം∙ കടലിൽ പോകുന്ന വലിയ വള്ളങ്ങൾ വലിയഴീക്കൽ– തൃക്കുന്നപ്പുഴ റൂട്ടിൽ കായംകുളം കായലിലൂടെ അമിത വേഗത്തിൽ പോകുന്നത് കൊച്ചിയുടെ ജെട്ടിയിലെ ചെറുവള്ളങ്ങൾക്കും കായലിന്റെ സംരക്ഷണ ഭിത്തിക്കും ഭീഷണിയാകുന്നു. കൊച്ചിയുടെ ജെട്ടിയിലെ ലേല കേന്ദ്രത്തിലേക്ക് എത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളങ്ങളിൽ തിര ശക്തമായി വന്നടിക്കുകയും വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. കായലിന്റെ സംരക്ഷണ ഭിത്തിയുടെ കല്ലുകൾ ഇളകുന്നതിനും ഇത് കാരണമാകുന്നു.
വലിയ വള്ളങ്ങൾ കടലിൽ ഇറക്കാനാണ് അനുമതിയുള്ളത്. കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് ഈ വള്ളങ്ങൾ വലിയഴീക്കലിൽ നങ്കൂരമിട്ട ശേഷമാണ് മത്സ്യത്തൊഴിലാളികൾ തിരിച്ചു പോയിരുന്നത്. എന്നാൽ ഇപ്പോൾ വലിയഴീക്കൽ ഹാർബർ വഴി കായലിലൂടെ സ്വകാര്യ ആവശ്യങ്ങൾക്ക് പോലും ഇത്തരം വള്ളങ്ങളിൽ തൊഴിലാളികൾ പോകുന്ന സ്ഥിതിയുണ്ട്. വള്ളങ്ങൾക്കും തീരഭൂമിക്കും കായലിന്റെ സംരക്ഷണ ഭിത്തിക്കും ഭീഷണിയാകുന്ന കായലിലൂടെയുള്ള വലിയ വള്ളങ്ങളുടെ അമിത വേഗത നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയുടെ ജെട്ടിയിലെ ലേല കേന്ദ്രത്തിന്റെ ചുമതലയുള്ള ശ്രീനാരായണഗുരു സ്മാരക സമിതി ഭാരവാഹികൾ കലക്ടർക്ക് കത്ത് നൽകി.