ദേശീയപാത വികസനം: ജനകീയ സമിതി റിലേ നിരാഹാരം തുടങ്ങി
Mail This Article
അമ്പലപ്പുഴ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുറക്കാട് കരൂർ, പായൽകുളങ്ങര പ്രദേശത്ത് അടിപ്പാതയോ ഉയരപ്പാതയോ നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജനകീയ സമിതി റിലേ നിരാഹാര സത്യഗ്രഹം തുടങ്ങി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, ജി. സുകുമാരൻ, എ. ഗോപകുമാർ, എം. വിമൽദാസ് ,കൊച്ചുമോൻ കാത്തൂസ് എന്നിവർ ആദ്യദിവസം സത്യഗ്രഹികളായി. ദേശീയപാത അധികാരികൾക്കും കലക്ടർക്കും നിവേദനം നൽകിയിട്ടും ആവശ്യം അറിയിച്ചിട്ടും തുടർനടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹം തുടങ്ങിയത്.
കരാർ കമ്പനി മാനേജർ ഷിബു സമരപ്പന്തലിൽ എത്തി സമിതി നേതാക്കളുമായി ചർച്ച നടത്തി. അധികൃതരെത്തി ആവശ്യത്തിനു പരിഹാരം ഉണ്ടാകുന്നതുവരെ പായൽകുളങ്ങര, കരൂർ പ്രദേശത്ത് മാത്രം നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സമരസമിതി നേതാക്കൾക്ക് അദ്ദേഹം ഉറപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി കൺവീനർ എം. ടി. മധു, ശ്രീജ സുഭാഷ്, ഫസിൽ പുറക്കാട്, എസ്. കെ. ലത്തീഫ്, എ.ആർ. കണ്ണൻ, എം. ശ്രീദേവി, അനൂപ്, ജി. ഓമനക്കുട്ടൻ, രാജി, എം.ഒ. ജമാലുദ്ദീൻ, എന്നിവർ പ്രസംഗിച്ചു.