സ്ലാബുകൾ തമ്മിൽ വിടവ്; കുമ്പളംചിറ പാലത്തിലെ യാത്ര അപകടകരം
Mail This Article
കുട്ടനാട് ∙ സ്ലാബുകൾ തമ്മിലുള്ള വിടവ് വർധിച്ചതോടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു സമീപത്തെ കുമ്പളംചിറ പാലത്തിലെ യാത്ര അപകട ഭീഷണിയായി. പാലത്തിന്റെ മധ്യഭാഗത്തെ സ്പാനും പടിഞ്ഞാറെ കരയിലേക്ക് ഇറങ്ങുന്ന സ്ലാബും തമ്മിൽ ചേരുന്ന ഭാഗത്താണു വിടവു കൂടിയത്. ഏറെ നാളായി മധ്യഭാഗത്തെ സ്പാൻ താഴ്ന്നു നിൽക്കുന്ന നിലയിലാണ്. ഇതുമൂലം പാലത്തിന്റെ ഇരുവശങ്ങളിലേക്കും കയറുന്നതിനും ഇറങ്ങുന്നതിനും വാഹനങ്ങൾക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതുമൂലം വാഹനങ്ങൾ ഇടിച്ചു പാലത്തിലേക്കു കയറ്റുകയും ഇറക്കുകയും ചെയ്യേണ്ട അവസ്ഥയിലായിരുന്നു. ഇപ്പോൾ സ്പാനുകൾ തമ്മിലുള്ള വിടവു കൂടി വർധിച്ചതോടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്.
സ്കൂൾ കുട്ടികൾ അടക്കം ഒട്ടേറെപ്പേരാണു പാലത്തിലൂടെ കാൽനടയായും സൈക്കിളിലും യാത്ര ചെയ്യുന്നത്. പാലത്തിലെ വിടവിന് ഇടയിൽ കാൽ കുടുങ്ങാനുള്ള സാധ്യത കൂടുതലായതിനാൽ ഭയപ്പെട്ടാണു രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളിലേക്കു വിടുന്നത്. കാൽനട യാത്രികരും സൈക്കിൾ യാത്രികരും പാലത്തിൽ കയറുമ്പോൾ വാഹനങ്ങൾ കൂടി എത്തുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. വാഹനങ്ങൾ കടന്നു പോകാൻ വശങ്ങളിലേക്കു മാറുമ്പോൾ പാലത്തിന്റെ വിടവിൽ കാൽ കുടുങ്ങാനുള്ള സാധ്യത ഏറെയാണ്. മുൻപു സമാന രീതിയിൽ പാലത്തിൽ വിടവുണ്ടായപ്പോൾ പൊതുമരാമത്ത് അധികൃതർ ഇ ഭാഗത്തു ടാർ ഇട്ട് ഉറപ്പിച്ച് അപകടാവസ്ഥ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ വിടവ് മുൻപ് ഉണ്ടായിരുന്നതിലും കൂടുതലാണ്. അധികൃതർ പ്രശ്നത്തിൽ ഇടപെട്ട് പാലത്തിലെ അപകടാവസ്ഥ ഒഴിവാക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.