കൂറ്റൻ തിമിംഗലവും കടലാമയും കരയ്ക്കടിഞ്ഞു; തിമിംഗലത്തിന് ദിവസങ്ങളുടെ പഴക്കം
Mail This Article
ആലപ്പുഴ∙ ആലപ്പുഴ വിജയ് ബീച്ചിന് വടക്ക് ചന്തക്കടവ് കടൽത്തീരത്ത് ചത്ത കൂറ്റൻ തിമിംഗലവും കടലാമയും കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം. ചീഞ്ഞഴുകിയ തിമിംഗലത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കടലാമയും ചീഞ്ഞു തുടങ്ങി. പുലർച്ചെ മുതൽ കടൽ ക്ഷോഭിച്ചിരുന്നു. തിരമാലകളിൽ തട്ടിയാണ് തിമിംഗലം കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളുമാണ് ആദ്യം കണ്ടത്. പിന്നാലെ നാട്ടുകാരടക്കം നിരവധി പേർ തിമിംഗലത്തിന്റെയും കടലാമയുടെയും ജഡം കാണാനെത്തി.
സീ വ്യൂ, വാടക്കനാൽ വാർഡുകളിലെ കൗൺസിലർമാരായ റീഗോ രാജുവും പി.റഹിയാനത്തും സ്‌ഥലത്തെത്തി അധികൃതരെ വിവരം അറിയിച്ചു. ഡിവൈഎസ്‌പി എം.ആർ.മധു ബാബുവും സ്‌ഥലത്തെത്തി. സൗത്ത് ഇൻസ്പെക്ടർ എം.കെ.രാജേഷ്, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ മിറാഷ് ജോൺ, ടൂറിസം ഇൻസ്പെക്‌ടർ ബെർളി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സേനയും എത്തി.
തിമിംഗലത്തിന്റെ മരണകാരണം അറിയാനായി റാന്നി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിയ വെറ്ററിനറി സർജൻ ഡോ. വിനിലിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്യാൻ തയാറായെങ്കിലും തിമിംഗലം കരയിൽ കൊണ്ടുവരാതെ നടക്കില്ലെന്നായി. തുടർന്ന് നഗരസഭയിൽ നിന്നു കൊണ്ടുവന്ന ജെസിബി ഉപയോഗിച്ച് തിമിംഗലത്തെ മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ക്രെയിൻ എത്തിച്ച്, ജെസിബിയും ക്രെയിനും ഒന്നിച്ചു പ്രവർത്തിപ്പിച്ച് തിമിംഗലത്തെ കരയിലേക്ക് മാറ്റാനുള്ള പരിശ്രമത്തിലാണ്.