കണ്ണീർപാതിര, കരയിച്ചു മടക്കം; അപ്രതീക്ഷിതം, തീരാനോവായി മരണത്തിലേക്കും അവർ ഒരുമിച്ച്..
Mail This Article
ചേർത്തല∙ ചേർത്തലയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സൃഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ പരേതനായ രമേശന്റെയും ലളിതയുടെയും മകൻ നവീൻ (അമ്പാടി -24), സാന്ദ്ര നിവാസിൽ വിജയപ്പന്റെയും ശോഭയുടെയും മകൻ ശ്രീഹരി (ആരോമൽ- 24) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ ചേർത്തല എസ്എൻഎം ജിബി എച്ച്എസ്എസിനു സമീപമാണ് അപകടം. തിരുവനന്തപുരത്ത് നിന്നു മലപ്പുറത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരും ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണു. ശ്രീഹരിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ചേർത്തല പൊലീസും വാഹനയാത്രക്കാരും സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ഇന്നലെ വൈകിട്ട് സംസ്കരിച്ചു. നവീനിന്റെ സഹോദരി: നയന. ശ്രീഹരിയുടെ സഹോദരി: സാന്ദ്ര.
അപ്രതീക്ഷിതം; തീരാനോവായി
ചേർത്തല∙ സമീപവാസികളും ചെറുപ്പം മുതലുള്ള സുഹൃത്തുക്കളുമായ യുവാക്കളുടെ അപ്രതീക്ഷിത നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. നെടുമ്പ്രക്കാട് നിവാസികളായ നവീനും ശ്രീഹരിയുമാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ ചേർത്തല ടൗണിൽ അപകടത്തിൽ മരിച്ചത്. അടുത്ത സുഹൃത്തുക്കളായതിനാൽ പലപ്പോഴും ഒന്നിച്ചാണ് സഞ്ചരിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയും ഇരുവരും ഒരുമിച്ചാണ് ചേർത്തല നഗരത്തിലേക്ക് പോയത്. . മരണത്തിലേക്കും ഇരുവരും ഒപ്പം യാത്രയായി. നവീനിന്റെ പിതാവ് വർഷങ്ങൾക്ക് മുൻപ് പൂച്ചാക്കൽ വച്ചുണ്ടായ വാഹന അപകടത്തിലാണ് മരിച്ചത്.
തുടർന്ന് അമ്മ ലളിതയുടെ സംരക്ഷണയിലാണ് വളർന്നത്. പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നതിനിടെയാണ് അപകടം. ശ്രീഹരിയുടെ വേർപാടും കുടുംബത്തിന് തീരാദുഖമാണ്. ഇരുവരുടെയും വീടുകൾ തമ്മിൽ നൂറു മീറ്ററോളം അകലം മാത്രമാണുള്ളത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ‌്മോർട്ടത്തിനു ശേഷം ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹം വീടുകളിലെത്തിച്ചത്. രണ്ടരയോടെ ശ്രീഹരിയുടെയും മൂന്നോടെ നവീനിന്റെയും സംസ്കാരം നടത്തി.