പക്ഷി ശല്യം രൂക്ഷം: ലൈറ്റർ തോക്ക് നിർമിച്ച് കർഷകൻ
Mail This Article
എടത്വ ∙ വിതച്ച പാടശേഖരത്ത് പക്ഷി ശല്യം രൂക്ഷം, പക്ഷികളെ തുരത്താൻ വലിയ ചെലവില്ലാതെ നൂതന സാങ്കേതിക വിദ്യയിൽ ലൈറ്റർ തോക്കു നിർമിച്ച് കർഷകനായ ജയൻ ജോസഫ് പുന്നപ്ര.പിവിസി പൈപ്പും, ഗ്യാസ് സ്റ്റൗ കത്തിക്കാൻ ഉപയോഗിക്കുന്ന ലൈറ്ററും ഉപയോഗിച്ചാണ് തോക്ക് നിർമിച്ചിരിക്കുന്നത്. ഒന്നര ഇഞ്ച് വ്യാസമുള്ള ഒരു മീറ്റർ നീളത്തിൽ എടുത്തശേഷം പൈപ്പിന്റെ താഴെ ഒന്നര രണ്ട് ഇഞ്ച് റെഡ്യൂസറും അതിനു താഴെ രണ്ട് ഇഞ്ച് നാല് ഇഞ്ച് വ്യാസമുള്ള റെഡ്യൂസർ വീണ്ടും പിടിപ്പിച്ചു.അതിനു താഴെ 30 സെന്റീമീറ്റർ നീളത്തിൽ നാലിഞ്ച് വ്യാസമുള്ള പൈപ്പ് കൂടി പിടിപ്പിച്ച് അതിനു താഴെ എൻഡ് ക്യാപ് പിടിപ്പിച്ചാണു നിർമാണം. പിന്നീട് എൻഡ് ക്യാപ്പിന് ചുവട്ടിൽ ദ്വാരം ഇട്ട് ലൈറ്റർ കൂടി പിടിപ്പിക്കുകയാണു ചെയ്യുന്നത്. വെടിമരുന്ന് ഉപയോഗിക്കുന്നില്ല എന്നതാണ് പ്രത്യേകത.
ശബ്ദത്തിനായി 4 ഇഞ്ച് പൈപ്പിനുള്ളിൽ 5 ഗ്രാം കാർബൈഡ് ഇട്ടശേഷം 5 തുള്ളി വെള്ളം തളിക്കുകയും മുകളിലത്തെ പൈപ്പിൽ പേപ്പൽ നിറയ്ക്കുകയും ചെയ്യും. ഇതിനു ശേഷം നന്നായി കുലുക്കും പിന്നീട് പാടത്തേക്ക് തിരിച്ചുവച്ച ശേഷം ലൈറ്റർ പ്രസ് ചെയ്യുന്നതോടെ കതിന പൊട്ടുന്ന വിധത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. 500 മീറ്റർ ദൂരത്തിൽ ശബ്ദം എത്തുന്നതോടെ കിളികൾ പറന്നകലുകയും ചെയ്യും ചെങ്ങളത്തു പോച്ച പാടത്ത് കർഷകനായ ജയൻ പുന്നപ്ര സ്വന്തമായി രൂപ കൽപന ചെയ്ത തോക്കിന് ആവശ്യക്കാർ ഏറെയാണ്. മുൻ കാലത്ത് പടക്കവും ഏറു പടക്കവും, ഓലപ്പടക്കവും കത്തിച്ച് ശബ്ദം ഉണ്ടാക്കി ആയിരുന്നു കിളികളെ അകറ്റിയിരുന്നത്. ലൈറ്റർ തോക്ക് അപകടരഹിതമാണെന്ന് ജയൻ ജോസഫ് പറയുന്നു