കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത് തൊടിയൂർ സ്വദേശിയെന്ന് തിരിച്ചറിഞ്ഞു
Mail This Article
കായംകുളം∙ കൃഷ്ണപുരം പാലസ് വാർഡിൽ വീടിന് തീപടർന്ന് ദുരൂഹസാഹചര്യത്തിൽ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ട സംഭവത്തിൽ മരിച്ചത് കരുനാഗപ്പള്ളി തൊടിയൂർ വേങ്ങര സിന്ധു നിവാസിൽ രമേശ് കുമാറിന്റെ ഭാര്യ സിന്ധുവാണെന്നു(48) തിരിച്ചറിഞ്ഞു. ആളെ തിരിച്ചറിഞ്ഞെങ്കിലും മൃതദേഹം പൂർണമായും കത്തിയ നിലയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ആധികാരികത ഉറപ്പിക്കാൻ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി.പാലസ് വാർഡിൽ സരളാമണി താമസിക്കുന്ന കിഴക്കേവീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സരള ഈ വീട്ടിൽ പകൽ മാത്രമേ കഴിയാറുള്ളൂ. സരളയുടെ സഹോദരന്റെ ഭാര്യയാണ് സിന്ധു. സരള ഇതിനടുത്ത് മറ്റൊരു വീട്ടിലാണ് താമസം. സരള തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ കഴകജോലി കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി കതക് പൂട്ടാനാണ് കിഴക്കേവീട്ടിൽ എത്തിയത്. വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. സമീപവാസികളെ വിളിച്ചു വരുത്തി കതക് ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.
മേൽക്കൂര ഒരു ഭാഗം തകർന്ന വീടിന്റെ മധ്യഭാഗത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടറിൽ നിന്നാണ് തീ പടർന്നത്. ഗ്യാസ് സിലിണ്ടർ ഇവിടെനിന്ന് എടുത്ത് വീടിന്റെ തകർന്ന് കിടക്കുന്ന ഒരു ഭാഗത്ത് എത്തിച്ചാണ് കത്തിച്ചത്. സിലിണ്ടറിന്റെ റഗുലേറ്റർ വേർപ്പെടുത്തിയ നിലയിലായിരുന്നു. തുടർന്ന് പൊലീസും സരളയുടെ ബന്ധുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ സിന്ധുവിനെ കാണാനില്ലെന്ന് ബോധ്യമായി.
ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ചേർത്തല ഭാഗത്തെ ഒരു ആരാധനാലയത്തിലേക്ക് പോകുന്നതായി പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ, കൊല്ലം കണ്ണനല്ലൂരിലുള്ള ബന്ധുവീട്ടിലേക്കാണ് പോയതെന്ന് പിന്നീട് വ്യക്തമായി. അവിടെ നിന്നും കൃഷ്ണപുരത്ത് എത്തി. ഇവർ പെട്രോളുമായിട്ടാണ് വീട്ടിലെത്തിയതെന്നും സംശയമുണ്ട്. അതിനുശേഷം പെട്രോൾ ദേഹത്ത് ഒഴിച്ച് ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് കത്തിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധനയിൽ കൃഷ്ണപുരത്താണെന്നും സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.