ആലപ്പുഴ ജില്ലയിൽ ഇടവിട്ടു മഴ; ശനി രാത്രി ശക്തമായ കാറ്റ്
Mail This Article
ആലപ്പുഴ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിലും ഇടവിട്ടു മഴ ലഭിച്ചു. ജില്ലയിൽ ഭൂരിഭാഗം ഇടങ്ങളിലും 30 മില്ലിമീറ്ററോളം മഴയാണു പെയ്തത്. ചെറിയ തോതിൽ കാറ്റുമുണ്ടായി. ജില്ലയിൽ മഞ്ഞ മുന്നറിയിപ്പാണ്. ശനി രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ചെത്തി കടപ്പുറത്തു സൂക്ഷിച്ച രണ്ടു വള്ളങ്ങൾ തകർന്നു. മാരാരിക്കുളം പതിനെട്ടാം വാർഡിൽ പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സൈജുവിന്റെ പുത്തൻപുര വള്ളവും ചേർത്തല സൗത്ത് പഞ്ചായത്ത് പതിനേഴാം വാർഡ് കുരിശുങ്കൽ യേശുദാസ് ജോണിന്റെ സുവിശേഷം വള്ളവുമാണു തകർന്നത്.
വള്ളം, വല, എൻജിൻ, വീഞ്ച്, എക്കോസൗണ്ടർ എന്നിവയ്ക്കു നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീടുകൾക്കും കൃഷിക്കും നാശമുണ്ടായതായി കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും കോട്ടയം, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നതിനാൽ താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ജാഗ്രത പാലിക്കാൻ തഹസിൽദാർമാർക്കു നിർദേശവും നൽകി.