ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് വഴിയരികിൽ അനാഥം
Mail This Article
ചെങ്ങന്നൂർ ∙ നഗരസഭയിലെ വീടുകളിൽ നിന്നു ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് ആഴ്ചകളായി വഴിയരികിൽ, വാഹനം ഇല്ലാത്തതിനാൽ മാലിന്യം നീക്കാനാകുന്നില്ല. വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മിനി എംസിഎഫുകൾ ഇല്ലാത്ത ഭാഗങ്ങളിൽ വഴിയരികിൽ സൂക്ഷിക്കുകയും ആഴ്ചയിലൊരിക്കലെങ്കിലും പെരുങ്കുളം പാടത്തെ ഷെഡിലേക്കു മാറ്റുകയുമായിരുന്നു പതിവ്.
ഇവിടെ വേർതിരിക്കുന്ന മാലിന്യം ക്ലീൻ കേരള കമ്പനിക്കു കൈമാറും. എന്നാൽ നഗരസഭയിലെ വാഹനം കേടായതോടെ പ്ലാസ്റ്റിക് നീക്കം നിലച്ചു. വഴിയരികിൽ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് തെരുവു നായ്ക്കൾ കടിച്ചു കീറുന്ന സ്ഥിതിയാണ്. തീപിടിത്തമുണ്ടായാലും ദുരിതമാകും. നഗരസഭയ്ക്കു ലഭിച്ച ഇലക്ട്രിക് പിക്കപ് വാൻ ഓടിക്കാൻ ആളില്ലാത്തതും പ്രശ്നമായി. അല്ലെങ്കിൽ ഇതിൽ കയറ്റിയെങ്കിലും പ്ലാസ്റ്റിക് പെരുങ്കുളം പാടത്ത് എത്തിക്കാൻ കഴിഞ്ഞേനെ.
ജനുവരിയിൽ സരസ് മേള നടക്കുന്നതിനാൽ പെരുങ്കുളത്ത് സ്റ്റേഡിയത്തിലും സമീപത്തും സംഭരിച്ചിരിക്കുന്ന പ്ലാസ്റ്റിക് നീക്കം ചെയ്യണമെന്നു മന്ത്രി സജി ചെറിയാൻ നിർദേശിച്ചിരുന്നു. ഇക്കാര്യത്തിലും മെല്ലെപ്പോക്കാണ്. നഗരസഭ ഓഫിസ് വളപ്പിൽ നിർമിച്ച എംസിഎഫ് തുറന്നു നൽകാത്തതിനാൽ ഇവിടെ പ്ലാസ്റ്റിക് സംഭരിക്കാനും കഴിയുന്നില്ല. കെട്ടിടത്തിനു വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്നു നഗരസഭാധ്യക്ഷ ശോഭ വർഗീസ് പറഞ്ഞു.
വാഹനത്തിന്റെ തകരാർ പരിഹരിച്ചാലുടൻ പ്ലാസ്റ്റിക് നീക്കുമെന്നും കൂട്ടിച്ചേർത്തു. പെരുങ്കുളത്ത് നഗരസഭയ്ക്കു പ്ലാസ്റ്റിക് സംഭരണത്തിനായി ഒന്നര ഏക്കർ സ്ഥലം അനുവദിച്ചു നൽകണമെന്നു കാട്ടി അപേക്ഷ നൽകിയിരുന്നെന്നും കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നെന്നും അവർ പറഞ്ഞു. സ്റ്റേഡിയത്തിനു നീന്തൽക്കുളം നിർമിക്കേണ്ടതിനാൽ നിലവിലെ ഷെഡ് പൊളിച്ചു നീക്കണമെന്നു നിർദേശം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നഗരസഭ സ്ഥലത്തിന് ആവശ്യമുന്നയിക്കുന്നത്.