സംരക്ഷണമില്ല; വനിതാ ക്ലബ് കെട്ടിടം നശിക്കുന്നു
Mail This Article
ആലപ്പുഴ ∙ സാമൂഹികനീതി വകുപ്പിന്റെ വനിതാ ക്ലബ് കാടുപിടിച്ചതോടെ സാമൂഹിക വിരുദ്ധരുടെ താവളമായി. ഇവിടെ മുൻപ് അങ്കണവാടി പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയം കാരണം അങ്കണവാടി ഇവിടെ നിന്നു മാറ്റി. തുടർന്നു അഞ്ച് വർഷത്തിലേറെയായി കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. അതോടെ കാട് മൂടി. പിന്നാലെ സാമൂഹികവിരുദ്ധരും ചേക്കേറി.
ജനറൽ ആശുപത്രിയുടെ കിഴക്കു ഭാഗത്ത് കൊട്ടാരപ്പറമ്പ് റോഡിന് സമീപം സർക്കാർ ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതിന് അടുത്തായി സാമൂഹിക ക്ഷേമ വകുപ്പിന്റെ ജില്ലാ ഓഫിസും പ്രവർത്തിക്കുന്നു. ആലപ്പുഴ കലക്ടർ ആയിരുന്ന കെ.റോസ് മുൻകയ്യെടുത്ത് നിർമിതി കേന്ദ്രത്തെ കൊണ്ട് പണിത കെട്ടിടം 1994 മേയ് 27ന് ആണ് ഉദ്ഘാടനം ചെയ്തത്. വർഷങ്ങളോളം വനിതകളുടെ കൂട്ടായ്മയും മറ്റു പരിപാടികളും ഇവിടെ നടത്തിയിരുന്നു. പുരുഷ കലക്ടർ വരുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു ക്ലബ്ബിന്റെ ചെയർപഴ്സൻ.
ഇതിനിടെ ക്ലബ്ബിന്റെ ചെയർപഴ്സൻ ചുമതല വഹിച്ച മറ്റൊരാളുടെ ഇടപെടലിൽ കെട്ടിടം അങ്കണവാടി നടത്താൻ നഗരസഭയ്ക്ക് വാടകയ്ക്ക് നൽകി. നഗരസഭയിൽ നിന്നു നാലഞ്ച് വർഷം മുൻപുവരെ വാടക കൃത്യമായി ചെയർപഴ്സൻ വാങ്ങിയിരുന്നതായി കൗൺസിൽ അംഗങ്ങൾ പറയുന്നു.
നേരിയ ചോർച്ച പരിഹരിച്ചിരുന്നെങ്കിൽ കെട്ടിടത്തിൽ അങ്കണവാടി തന്നെ തുടർന്നും പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ ചുമതലപ്പെട്ടവർ അതിനു തയാറായില്ലെന്നാണ് അക്കാലത്ത് ക്ലബ്ബിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്ന ചിലർ പറഞ്ഞത്. നഗരത്തിന്റെ കണ്ണായ സ്ഥലത്തെ സ്ഥലവും, ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയാൽ വനിതാ ക്ഷേമത്തിനു വേണ്ടിയുള്ള ഏതെങ്കിലും പദ്ധതിയും തുടങ്ങാവുന്ന കെട്ടിടവും ഏറ്റെടുത്ത് സംരക്ഷിക്കാൻ തയാറാകാതെ നശിപ്പിക്കുന്നത് മറ്റെന്തോ താൽപര്യമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.