ഡോ. എം.എം.ഹനീഫ് മൗലവി അന്തരിച്ചു
Mail This Article
ആലപ്പുഴ∙ സുന്നി നേതാവും പണ്ഡിതനും ആലപ്പുഴ പാലസ് ജുമാ മസ്ജിദ് ചീഫ് ഇമാമും മണ്ണഞ്ചേരി ദാറുല്‍ഹുദാ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറ ല്‍സെക്രട്ടറിയുമായ പഴവീട് വാര്‍ഡ് സുന്നി മന്‍സിലില്‍ ഡോ. എം.എം.ഹനീഫ് മൗലവി (76) അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് 3ന് തെക്കേ മഹൽ ജുമാ മസ്ജിദിൽ. 1948 ഡിസംബര്‍ 12ന് പല്ലന കുറ്റിക്കാട് മുഹമ്മദ് മുസ്‌ലിയാരുടെയും സൈനബാ ബീവിയുടെയും 5 മക്കളില്‍ രണ്ടാമത്തെ മകനായാണ് ജനനം.
ദീര്‍ഘകാലം സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്നു. എസ്‌വൈഎസ് ദക്ഷിണ കേരള ഓര്‍ഗനൈസര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന സമിതിയംഗം, ഇസ്‌ലാമിക് എഡ്യുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ്, കാരന്തൂര്‍ സുന്നി മര്‍കസ് പ്രവര്‍ത്തക സമിതിയംഗം, സിറാജ് ദിനപത്രം പ്രസിദ്ധീകരണ സമിതിയായ തൗഫീഖ് പബ്ലിക്കേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറ ല്‍സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എസ‌്‌വൈഎസ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മഹ്ദലിയ്യ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, തെക്കേ മഹല്ല് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ലജനത്തുൽ മുഹമ്മദിയ്യ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.