നീന്തൽ പരിശീലന കേന്ദ്രത്തിന്റെ തകർന്ന സംരക്ഷണഭിത്തി പുനർനിർമിക്കാൻ നടപടിയില്ല
Mail This Article
കുട്ടനാട് ∙ നീന്തൽ പരിശീലന കേന്ദ്രത്തിന്റെ തകർന്ന സംരക്ഷണഭിത്തി പുനർനിർമിക്കുന്ന കാര്യത്തിൽ അധികൃതരുടെ അനാസ്ഥ തുടരുന്നു. നെടുമുടി പഞ്ചായത്ത് ഓഫിസിനു സമീപത്തെ പൊതു ജലാശയത്തിൽ ഒരുക്കിയ നീന്തൽ പരിശീലന കേന്ദ്രത്തിന്റെ സംരക്ഷണ ഭിത്തിയാണു വർഷങ്ങളായി തകർന്നു കിടക്കുന്നത്. മുൻ രാജ്യാന്തര നീന്തൽ താരം പി.ബാബുവിന്റെ നേതൃത്വത്തിൽ 2016 മുതലാണു പൊതു ജലാശയത്തിൽ താൽക്കാലിക സംവിധാനം ഒരുക്കി നീന്തൽ പരിശീലിപ്പിക്കുന്നത്.
ഇതിനോടകം 500ലധികം കുട്ടികളാണ് ഇവിടെ നിന്നു പരിശീലനം തേടിയിട്ടുള്ളത്. നിലവിൽ 40 കുട്ടികളാണു പരിശീലിക്കുന്നത്. അവധി സമയങ്ങളിലും മറ്റും 60ൽ അധികം കുട്ടികൾ പരിശീലനത്തിന് എത്തുന്നുണ്ട്. ഇവിടെ പരിശീലിച്ച 12 കുട്ടികൾക്കു സായിയിലും മറ്റുമായി സിലക്‌ഷൻ ലഭിച്ചു. ഇപ്പോൾ തുടർ പരിശീലനം നടത്തുന്നുണ്ട്. മികവു തെളിയിച്ച 20 പേർ സർക്കാർ സർവീസിലും വിദേശത്തുമായി ജോലി ചെയ്യുന്നു.
പൊതു ജലാശയത്തിൽ വടം കെട്ടി തിരിച്ചാണു പരിശീലന കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. പരിശീലന കേന്ദ്രത്തിനു മുൻ വശത്തുള്ള കരിങ്കൽ സംരക്ഷണ ഭിത്തി വർഷങ്ങളായി തകർന്നു കിടക്കുകയാണ്. ഇതുമൂലം കുട്ടികൾക്കു സുഗമമായി പരിശീലനം നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. കൂടാതെ കരിങ്കൽ ചീളുകൾ ജലാശയത്തിന്റെ അടിത്തട്ടിൽ കിടക്കുന്നതിനാൽ കുട്ടികളുടെ കാലിനു മുറിവേൽക്കുന്നതും പതിവാണ്.
സ്വിമ്മിങ് പൂളുകളോ, മിനി സ്വിമ്മിങ് പൂളുകളോ ഇല്ലാത കുട്ടനാട്ടിൽ പൊതു ജലാശയങ്ങളിൽ സജ്ജീകരിക്കുന്ന ഇത്തരം പരിശീലന കേന്ദ്രങ്ങളാണു കുട്ടികൾക്ക് ആശ്രയം. ഇരുവശത്തും സംരക്ഷണ ഭിത്തികൾ ഇല്ലാത്തതിനാൽ ടേൺ ചെയ്തു തിരിച്ചു നീന്താൻ ഉള്ള സൗകര്യം ഇല്ലാത്തതു പരിശീലനത്തിനു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ഒരു വശത്ത് എങ്കിലും സംരക്ഷണ ഭിത്തി ഉണ്ടെങ്കിൽ ജംപ് ചെയ്തു നീന്താൻ സാധിക്കും.
കേവലം 25 മീറ്ററിൽ താഴെ മാത്രം നീളത്തിൽ തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തി പുനർനിർമിക്കാൻ രക്ഷിതാക്കളും പരിശീലകനും മുട്ടാത്ത വാതിലുകളില്ല. ബന്ധപ്പെട്ട അധികാരികൾ ഇനിയെങ്കിലും പ്രശ്നത്തിൽ ഇടപെട്ടു തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തി പുനർനിർമിച്ചു ഉള്ള സൗകര്യത്തിൽ മികച്ച പരിശീലനത്തിനുള്ള സാഹചര്യം ഒരുക്കി നൽകിയാൽ ഒട്ടനവധി നീന്തൽ താരങ്ങളെ വാർത്തെടുക്കാൻ സാധിക്കും.