റോഡിലെ കുഴികളടച്ച് കോൺക്രീറ്റ് ചെയ്തു; വെള്ളക്കെട്ടൊഴിയുന്നില്ല
Mail This Article
മാന്നാർ ∙ വെള്ളക്കെട്ടും കുഴിയുമായി വർഷങ്ങളോളം കിടന്ന പരുമലക്കടവ് - മുല്ലശേരികടവ് –കടപ്ര മഠം റോഡിലെ കുഴികളടച്ചു കോൺക്രീറ്റു ചെയ്തിട്ടും വീണ്ടും വെള്ളക്കെട്ട്, ജനത്തിന്റെ ദുരിതയാത്രയ്ക്ക് അറുതിയില്ല. സംസ്ഥാന പാതയിലെ പരുമലക്കടവിൽ നിന്നും വള്ളക്കാലി ഭാഗത്തേക്കു പോകുന്ന മുല്ലശേരികടവ് –കടപ്ര മഠം റോഡ് ഒന്നര മാസം മുൻപ് 7.5 ലക്ഷം രൂപ ചെലവഴിച്ച് 73 മീറ്റർ ഭാഗം ടാറിങ് മാറ്റി കോൺക്രീറ്റു ചെയ്തത്. അത്രയും ഭാഗത്തെ വെള്ളക്കെട്ടിനും കുഴിക്കും പരിഹാരമായപ്പോൾ കോൺക്രീറ്റു ചെയ്ത കിഴക്കു ഭാഗത്ത് വെള്ളക്കെട്ടാണ് ഇപ്പോൾ വില്ലൻ. ഇവിടെ ഒരടിയിലേറെ വെള്ളമുണ്ട്. ഒഴുകി പോകാൻ ഓടയില്ല.
രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ കാരണം ഈ വഴിക്കു വാഹനത്തിൽ പോലും പോകാനാവാത്ത അവസ്ഥയാണ്. കോൺക്രീറ്റു ചെയ്തപ്പോൾ ഓടയ്ക്കായി അൽപം സ്ഥലമിട്ടെങ്കിലും പണികൾ പൂർത്തിയാക്കാതെ കരാറുകാരൻ സ്ഥലം വിട്ടു. ഓട നിർമിക്കാത്തതിനാലാണ് ഇവിടെ റോഡാകെ വെള്ളം കെട്ടിക്കിടക്കുന്നതിനു കാരണം. സമീപവാസിയായ ജോൺപാപ്പിക്കു പോലും വീട്ടിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്. കോൺക്രീറ്റിന് ഏഴര ലക്ഷം രൂപ ചെലവഴിച്ചെങ്കിലും റോഡു നിർമാണം അശാസ്ത്രീയമായിട്ടാണ് നടന്നതെന്ന് ജോൺപാപ്പിയും നാട്ടുകാരും പറഞ്ഞു. മാന്നാർ പഞ്ചായത്ത് അധികൃതരെ പരാതി അറിയിച്ചിട്ടും പരിഹാരമില്ലാത്ത സ്ഥിതിയാണ്.