ആലപ്പുഴ ജില്ലയിൽ കനത്ത മഴ; അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങൾ വെള്ളത്തിൽ
Mail This Article
ആലപ്പുഴ∙ ജില്ലയ്ക്കു മുന്നറിയിപ്പുകൾ ഇല്ലായിരുന്നെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞു പല പ്രദേശത്തും മഴ ശക്തമായി. തമിഴ്നാട്ടിൽ വച്ചു ശക്തി കുറഞ്ഞ ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തുമെന്നും ഇന്നു രാവിലെ വരെ മധ്യ, വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നുമാണു കാലാവസ്ഥ മുന്നറിയിപ്പ്. ഇന്നലെ വൈകിട്ടു വരെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തതു ചേർത്തലയിലാണ് –119.5 മില്ലിമീറ്റർ.
മറ്റു സ്ഥലങ്ങളിലെ മഴയളവ്:
കാർത്തികപ്പള്ളി - 15.2
മങ്കൊമ്പ് - 11.4
മാവേലിക്കര - 19.4
കായംകുളം - 38
ശരാശരി - 33.86.
മാന്നാർ ∙ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വിതച്ച അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങൾ മുങ്ങി, അടഞ്ഞു കിടക്കുന്ന കരിപ്പുഴ തോട് തുറക്കണമെന്ന് കർഷകർ. ചെന്നിത്തല, മാന്നാർ, പള്ളിപ്പാട്, വീയപുരം പഞ്ചായത്തുകളിൽ 5 ദിവസം മുൻപ് വിതച്ച പാടങ്ങളിലെ വിളകളാണ് പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. ചെന്നിത്തല പഞ്ചായത്തിലെ ആറോളം ബ്ലോക്കുകളിലെയും മാന്നാർ കുരട്ടിശേരി പുഞ്ചയിലും ള്ളിപ്പാട്, വീയപുരം പഞ്ചായത്തുകളിൽ ഭാഗികമായ ഇടങ്ങളിലെയും വിതയാണ് വെള്ളം കെട്ടിക്കിടന്നു നശിക്കുന്നത്. പാടശേഖരങ്ങളിലെ വെള്ളം പൂർണമായി വറ്റിച്ച ശേഷമാണ് ഓരോ പാടത്തും വിതച്ചത്.
അടുത്ത ദിവസം മുതൽ പാടത്ത് വെള്ളം നിറയുന്നതനുസരിച്ച് വെള്ളം വറ്റിച്ച് വിതയെ കർഷകർ സംരക്ഷിച്ചത്. നിലമൊരുക്കലിനു ചിലവായ തുകയ്ക്കു പുറമേ ഇതിനായി കർഷകർക്ക് ഭാരിച്ച തുകയാണ് ചെലവഴിക്കേണ്ടി വന്നത്. കൃഷി ഭവനിൽ നിന്നും ആദ്യം ലഭിച്ച വിത്ത് കിളിർക്കാതെ വന്നപ്പോൾതന്നെ കർഷകർ പ്രതിസന്ധിയിലായി. പിന്നീട് നല്ല വിത്ത് ലഭിച്ചപ്പോൾ വളരെ സന്തോഷത്തോടെ വിത്തു കെട്ടി കഴിഞ്ഞ ദിവസം വിതച്ചു. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ ഭാഗമായിട്ടുണ്ടായ കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ കനത്ത മഴയാണ് കർഷകരെ ഇപ്പോൾ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്.
ഇത്തരത്തിൽ കനത്ത മഴ തുടർന്നാൽ വീണ്ടും ഒന്നേന്നു തുടങ്ങേണ്ടിവരുമെന്ന് ചെന്നിത്തല 9 ാം ബ്ലോക്ക് പാടശേഖരസമിതി പ്രസിഡന്റ് പി.ജെ. റോമിയോ, കർഷകനായ കുര്യാക്കോസ് പറയകാട്ടും പറഞ്ഞു. വിതച്ച കർഷകർക്കും നിലമൊരുക്കി വിതയ്ക്കാൻ തയാറായി നിൽക്കുന്ന കർഷകർക്കും കൂടുതൽ നഷ്ടമുണ്ടാകാതിരിക്കാനായി അടഞ്ഞു കിടക്കുന്ന കരിപ്പുഴ തോട് അടിയന്തരമായി തുറക്കുകയാണ് പരിഹാരം. കൂടാതെ തോട്ടപ്പള്ളി സ്പിൽവേയുടെ ബാക്കി ഷട്ടറുകൾ കൂടി ഉയർത്തിയാൽ മാത്രമേ അപ്പർകുട്ടനാട്, ഓണാട്ടുകര പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിയുകയുള്ളു. കൃഷി വകുപ്പും ജില്ലാ ഭരണ കൂടവും അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.