ഡോ. എം.എം. ഹനീഫ് മൗലവി അന്തരിച്ചു
Mail This Article
ആലപ്പുഴ∙ സുന്നി നേതാവും പണ്ഡിതനും യുനാനി ചികിത്സകനുമായ പഴവീട് സുന്നി മൻസിലിൽ ഡോ.എം.എം. ഹനീഫ് മൗലവി (76) അന്തരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും പ്രവർത്തനം തെക്കൻ കേരളത്തിൽ വ്യാപിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ഹനീഫ് മൗലവി ദീർഘകാലം സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയായിരുന്നു. ജില്ലയിലെ ആദ്യ സുന്നി സ്ഥാപനമായ മണ്ണഞ്ചേരി ദാറുൽഹുദാ ഇസ്‌ലാമിക് കോംപ്ലക്സ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായിരുന്നു.
എസ്‌വൈഎസ് ദക്ഷിണ കേരള ഓർഗനൈസർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി, ഇസ്‌ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ്, കാരന്തൂർ സുന്നി മർകസ് പ്രവർത്തക സമിതിയംഗം, സിറാജ് ദിനപത്രം ഡയറക്ടർ ബോർഡ് അംഗം, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സമിതിയംഗം, ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്, ഓൾ കേരള യുനാനി ഹക്കീംസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ആലപ്പുഴ പാലസ് ജുമാ മസ്ജിദ് ചീഫ് ഇമാം ആയിരുന്നു. തെക്കേ മഹല്ല് ജുമാ മസ്ജിദിൽ കബറടക്കം നടത്തി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ഷക്കീല, ഷാജിദ, സാബിദ, സാഹിദ.മരുമക്കൾ: അഷ്‌റഫ് മുസല്യാർ, ഷറഫുദ്ദീൻ, ഷുക്കൂർ (ചങ്ങനാശേരി), നിസാർ (തൃപ്പൂണിത്തുറ). കെ.സി. വേണുഗോപാൽ എംപി, എംഎൽഎമാരായ എച്ച്.സലാം, പി.പി. ചിത്തരഞ്ജൻ, ന്യൂനപക്ഷ കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.
അനാഥർക്ക് അഭയമായ ആത്മീയ നേതാവ്
ആലപ്പുഴ∙ ആരും സംരക്ഷിക്കാൻ ഇല്ലാത്തവർക്കായി അനാഥമന്ദിരം സ്ഥാപിക്കാൻ കിടപ്പാടം വിട്ടുനൽകിയ ആത്മീയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച ഡോ.എം.എം.ഹനീഫ് മൗലവി. മണ്ണഞ്ചേരിയിലെ വീടും 20 സെന്റ് ഭൂമിയും വഖഫ് ചെയ്ത് നൽകിയാണ് അനാഥ മന്ദിരത്തിന് തുടക്കം കുറിച്ചത്. ഇദ്ദേഹത്തിന്റെ വീട്ടിൽ ചെറിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച അനാഥമന്ദിരം പിന്നീട് സുമനസ്സുകളുടെ സഹായത്തോടെ പണിതീർത്ത ബഹുനില മന്ദിരത്തിൽ ഇംഗ്ലിഷ് മീഡിയം സ്കൂൾ അടക്കം ഒട്ടേറെ സ്ഥാപനങ്ങളുമായി ദാറുൽ ഹുദാ ഇസ്‌ലാമിക് കോംപ്ലക്സ് എന്ന പേരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വിദ്യാഭ്യാസ, സാംസ്കാരിക, ആതുരശുശ്രൂഷ പ്രവർത്തനങ്ങളിലും ജീവകാരുണ്യ, സാന്ത്വന പ്രവർത്തനങ്ങളിലും ജില്ലയിൽ സുന്നി സംഘടനകളെ നയിച്ച നേതാവായിരുന്നു ഹനീഫ് മൗലവി. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവർത്തനങ്ങൾ തെക്കൻ കേരളത്തിൽ വ്യാപിപ്പിക്കാൻ സംസ്ഥാന നേതൃത്വം തിരഞ്ഞെടുത്തത് ഹനീഫ് മൗലവിയെയായിരുന്നു. തന്നെ ഏൽപിച്ച ഉത്തരവാദിത്തം നേതാക്കളെ പോലും അദ്ഭുതപ്പെടുത്തുന്ന തരത്തിൽ മികച്ച രീതിയിൽ പ്രാവർത്തികമാക്കി. പല്ലന ഉസ്താദിന്റെ ശിക്ഷണത്തിൽ വളർന്ന ഹനീഫ് മൗലവി, ആത്മീയ ചികിത്സയിലും യുനാനി, പാരമ്പര്യ ചികിത്സകളിലും മരണം വരെയും വ്യാപൃതനായിരുന്നു.