ADVERTISEMENT

തിരുവനന്തപുരം / ആലപ്പുഴ ∙ ഗർഭകാല പരിശോധനയിൽ കണ്ടെത്താനാവാത്ത അസാധാരണ രൂപമാറ്റങ്ങളോടെയും ആരോഗ്യ പ്രശ്നങ്ങളോടെയും കുഞ്ഞു ജനിച്ച സംഭവത്തിൽ ആലപ്പുഴയിലെ 2 സ്വകാര്യ സ്കാനിങ് സെന്ററുകൾക്കു വീഴ്ച സംഭവിച്ചുവെന്നു കണ്ടെത്തൽ.   ഈ സാഹചര്യത്തിൽ സംസ്ഥാനത്താകെയുള്ള സ്ഥാപനങ്ങളുടെ റജിസ്ട്രേഷനും പരിശോധനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമാക്കാൻ ആരോഗ്യ വകുപ്പ് നീക്കം തുടങ്ങി.സർക്കാരിന് ഇന്നലെ ലഭിച്ച അന്വേഷണ റിപ്പോർട്ടിലാണ്  വീഴ്ച കണ്ടെത്തിയതായി പറയുന്നത്. സ്കാനിങ് സെന്ററുകളിൽ 2 വർഷമായുള്ള രേഖകൾ ലഭ്യമല്ലെന്ന് അന്വേഷണ സംഘം ആദ്യ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

തുടർന്ന് 2 സ്ഥാപനങ്ങളും ആരോഗ്യ വകുപ്പ് അടച്ച് സീൽ ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് സ്കാനിങ് സെന്ററുകളുടെ വീഴ്ചകൾ കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങളോടെ ജനിച്ച കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ രണ്ടിടത്തും സ്കാൻ ചെയ്തിരുന്നു. പരിശോധന നടത്തിയവർക്കു ജാഗ്രതക്കുറവുണ്ടായി എന്നാണു വിവരം. നിയമം അനുസരിച്ച് സ്കാനിങ് ചെയ്യുന്ന റേഡിയോളജിസ്റ്റുകൾക്ക് പ്രത്യേക റജിസ്ട്രേഷൻ വേണം. രണ്ടിടത്തെയും റേഡിയോളജിസ്റ്റുകൾ ആ നടപടി പൂർത്തിയാക്കിയിട്ടില്ല. കുഞ്ഞു ജനിച്ച ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിയിൽ സ്കാനിങ് മെഷീൻ ഉണ്ടെങ്കിലും റേഡിയോളജിസ്റ്റിനെ നിയമിക്കാത്ത കാര്യവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 

അതിനിടെ കുഞ്ഞിന്റെ ചികിത്സാ രേഖകൾ കുടുംബം അന്വേഷണച്ചുമതലയുള്ള  ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന് കൈമാറി. കുട്ടിയുടെ പിതാവ് അനീഷ് മുഹമ്മദിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. വനിതാ ശിശു ആശുപത്രിയിലെ 2 ഡോക്ടർമാർക്കെതിരെയും  2 സ്വകാര്യ ലാബുകളിലെ ഡോക്ടർമാർക്കെതിരെയുമാണ്  ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.  ചൈൽഡ് ലൈൻ കോഓർഡിനേറ്റർ പ്രൈസ് മോൻ ഇന്നലെ കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. കമ്മിഷൻ അംഗം ജലജ ചന്ദ്രന്റെ നേതൃത്വത്തിൽ നാളെ രാവിലെ ഒൻപതിന് കുട്ടിയെയും അമ്മയെയും സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കും.

കുഞ്ഞിനെ സ്കാനിങ്ങിന് വിധേയമാക്കി
ആലപ്പുഴ∙ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദ്–സുറുമി ദമ്പതികളുടെ അസാധാരണ രൂപമാറ്റത്തോടെ ജനിച്ച ശിശുവിന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ സ്കാൻ ഉൾപ്പെടെ പരിശോധനകൾ നടത്തി. ഇതിന്റെ ഫലം അന്വേഷണം നടത്തുന്ന ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിനു കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഡോക്ടർമാരുടെ ഭാഗത്തു നിന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുന്നത്. തുടർചികിത്സയ്ക്കുള്ള നിർദേശവും നൽകും.

English Summary:

Negligence** has been found in two private scanning centres in Alappuzha, Kerala, after a baby was born with undetected deformities. The incident has sparked an investigation by the health department and the Child Rights Commission, raising concerns about medical regulations and prenatal care in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com