പുഞ്ചനിറഞ്ഞ് വെള്ളക്കെട്ട്; കൃഷി പ്രതിസന്ധിയിൽ
Mail This Article
ചാരുംമൂട്∙ പെരുവേലിൽ പുഞ്ചയിൽ കൃഷിയിറക്കാൻ കഴിയാതെ കർഷകർ, വെള്ളം വറ്റിക്കാൻ നെട്ടോട്ടത്തിൽ. നവംബർ മാസത്തിൽ കൃഷിയിറക്കേണ്ടതായിരുന്നു ഇവിടം. വെള്ളം വറ്റി കൃഷിയിറക്കാൻ കാത്തിരുന്ന കർഷകർക്ക് ഇരുട്ടടി പോലെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴ. ഇതോടെ കൂടുതൽ വെള്ളക്കെട്ട് പുഞ്ചയിൽ അനുഭവപ്പെട്ടു. ഇത് കാരണം കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടൊപ്പം മഴയുടെ ശക്തി കൂടുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിക്കുകയും ചെയ്തതോടെ അച്ചൻകോവിൽ ആറ്റിൽനിന്നുള്ള വെള്ളം വെട്ടിയാർ ചീപ്പ് വഴി പുഞ്ചയിലേക്ക് കയറാൻ തുടങ്ങി. ഇതിനെ തുടർന്ന് ഇന്നലെ കർഷകർ ഇത് അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇനി പുഞ്ചയിലെ വെള്ളം വറ്റിവരുമ്പോഴേക്കും ജനുവരി മാസം ആകും. വീണ്ടും കാലം തെറ്റിയുള്ള കൃഷിയിലേക്കാണ് കർഷകരെ എത്തിക്കുന്നത്.
യഥാസമയം കൃഷി ഇറക്കുന്നതിന് ആവശ്യമായ ഘടകം കരിങ്ങാലിൽചാൽ, പെരുവേലിൽചാൽ പുഞ്ചകളിലെ വെള്ളം വറ്റിക്കാനുള്ള നടപടികൾ കൃഷി വകുപ്പ് സ്വീകരിക്കുക എന്നതാണ്. എന്നാൽ ഇവിടെ വെള്ളം വറ്റിക്കുന്നതിനുള്ള ഇഞ്ചൻ പുരയുടെ നിർമാണം നടന്നു വരുന്നതേയുള്ളു. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണവും കനാൽ തുറന്ന് വിടുമ്പോഴുള്ള പ്രശ്നങ്ങൾ കാരണവും കരിങ്ങാലിൽ–പെരുവേലിൽ ചാൽ പുഞ്ചകളിലെ കൃഷി കാലാകാലങ്ങളിൽ മാറ്റങ്ങളുണ്ടാകുന്നത് കർഷകനെ ദുരിതത്തിലെത്തിച്ചിരിക്കുകയാണ്. വർഷങ്ങളോളം തരിശുകിടന്ന ഈ പുഞ്ചകൾ പ്രതീക്ഷയോടുകൂടിയാണ് വീണ്ടും കർഷകർ വർഷങ്ങൾക്ക് മുൻപ് കൃഷിയിറക്കാൻ തുടങ്ങിയത്.
തൊഴിലാളി ക്ഷാമവും മറ്റ് ദുരന്തങ്ങളുമാണ് ഇവിടെ കൃഷി മുടങ്ങാൻ കാരണം. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെടുന്നവയാണ് കരിങ്ങാലിൽ, പെരുവേലിൽചാൽ പുഞ്ചകൾ. കരിങ്ങാലിൽ പുഞ്ച പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭ വരെ വ്യാപിച്ചു കിടക്കുകയാണ്. ഇത് 15000 ഏക്കറോളം വരും. പെരുവേലിൽചാൽ പുഞ്ച ചുനക്കര, നൂറനാട്, തഴക്കര പഞ്ചായത്തുകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. ചുനക്കര പഞ്ചായത്തിന്റെ ഭാഗം ഉൾക്കൊള്ളുന്നവർക്ക് കൃഷി ഇറക്കുന്നതിനായി നിലംഉഴൽ ഉൾപ്പെടെയുള്ള ജോലികൾ ആരംഭിച്ചപ്പോഴാണ് ഇവിടെയും മഴ കർഷകർക്ക് ദുരിതവുമായി എത്തിയത്. എന്നാൽ കർഷകർക്ക് അനുകൂലമായ രീതിയിൽ ആവശ്യമായ മോട്ടറുകൾ സ്ഥാപിച്ച് വെള്ളം വറ്റിക്കാനുള്ള നടപടി കൃഷിവകുപ്പ് മുൻകൂട്ടി ചെയ്താൽ കൃഷി ഇറക്കുന്നതിന് യാതൊരുവിധ ബുദ്ധിമുട്ടും കർഷകർക്ക് ഉണ്ടാവില്ലെന്നാണ് പറയുന്നത്.