ഓൺലൈൻ തട്ടിപ്പ്: തമിഴ്നാട് സ്വദേശികളായ 4 പേർ അറസ്റ്റിൽ
Mail This Article
ആലപ്പുഴ∙ ഓൺലൈൻ തട്ടിപ്പിലൂടെ ചേർത്തല സ്വദേശിയായ യുവ വ്യവസായിയിൽ നിന്ന് 88 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ നാലു പേരെ ചേർത്തല പൊലീസ് കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. കളപ്പ നായ്ക്കൽ സ്വദേശി ഖാദർ മൊയ്തീൻ (44), സോമയം പാളയം സ്വദേശി മരദരാജ് (36), ഭുവനേശ്വർ നഗർ സ്വദേശി രാമകൃഷ്ണൻ (50), വേലാണ്ടിപാളയം സ്വദേശി തങ്കവേൽ (37) എന്നിവരാണ് അറസ്റ്റിലായത്. വാട്സാപ്പിലൂടെ ബന്ധപ്പെട്ട് ഹോട്ടലുകളുടെ റേറ്റിങ് ഉയർത്തിക്കാട്ടി വരുമാനം ഉണ്ടാക്കാനുള്ള ആപ്പിൽ ഉൾപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
നവംബർ 24, 25, 26 തീയതികളിലാണ് പണം തട്ടിയത്. തങ്കവേലുവിന്റെയും രാമകൃഷ്ണന്റെയും അക്കൗണ്ട് വഴി 28 ലക്ഷവും ബാക്കി തുക മറ്റു സംസ്ഥാനങ്ങളിലെ വിവിധ അക്കൗണ്ട് വഴിയുമാണ് തട്ടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ചേർത്തല എസ്ഐ കെ.പി.അനിൽകുമാർ, സിപിഒമാരായ സബീഷ്, അരുൺ, പ്രവേഷ് ധൻരാജ് ഡി. പണിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം നടക്കുന്നതായി സ്റ്റേഷൻ ഓഫിസർ ജി.അരുൺ പറഞ്ഞു.