ADVERTISEMENT

ഹരിപ്പാട് ∙ കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും കൃഷിക്ക് ഒരുക്കങ്ങൾ നടത്തിയ 4 പാടശേഖരങ്ങളിൽ മട വീണു. പള്ളിപ്പാട് വൈപ്പിൻ കാട് തെക്ക്, വൈപ്പിൻ കാട് വടക്ക്, വീയപുരം കരീപ്പാടം പാടശേഖരം, കാരിച്ചാൽ പോട്ടകളക്കയാട് എന്നീ പാട ശേഖരങ്ങളിലാണു  മട വീണത്. വൈപ്പിൻ കാട് തെക്ക്, വൈപ്പിൻ കാട് വടക്ക് പാടശേഖരങ്ങളിൽ ഈ ആഴ്ച വിതയ്ക്കുന്നതിന്  ഒരുക്കിയിട്ടതാണ്. ഒരാഴ്ച മുൻപ് പമ്പിങ്  ആരംഭിച്ച കൊയിക്കലേത്തു കിഴക്ക് പാടശേഖരത്തിലും കഴിഞ്ഞ ദിവസം മട വീണു.   

മൂന്നു ദിവസമായി പെയ്ത കനത്ത മഴയെ തുടർന്നു കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതുമൂലം വീയപുരം കൃഷിഭവന്റെ പരിധിയിൽ വരുന്ന കരീപ്പാടം പാടശേഖരത്തു മട വീണു. പാടശേഖരം പൂർണമായി മുങ്ങി. നാളെ വിത്ത് ഇറക്കുന്നതിനുള്ള  മുന്നൊരുക്കങ്ങൾ കഴിഞ്ഞ പാടശേഖരമാണിത്. 

കാരിച്ചാൽ പോട്ടകളയ്ക്കാട് പാടശേഖരത്തിൽ 
മട വീണ് വെള്ളം കയറുന്നതു തടയാൻ ശ്രമിക്കുന്ന കർഷകർ.
കാരിച്ചാൽ പോട്ടകളയ്ക്കാട് പാടശേഖരത്തിൽ മട വീണ് വെള്ളം കയറുന്നതു തടയാൻ ശ്രമിക്കുന്ന കർഷകർ.

വിതയ്ക്ക് തയാറാക്കിയിരുന്ന പാടത്ത് വെള്ളം കയറിയത് മൂലം വീണ്ടും ബണ്ട് നിർമിച്ച്, വെള്ളം വറ്റിച്ച്, നിലമൊരുക്കി കൃഷിയിറക്കണം. മഴ തുടർന്നാൽ കൃഷിയിറക്കാൻ കാലതാമസം നേരിടും. മടവീഴ്ച 90 ഏക്കർ വരുന്ന പാടശേഖരത്തിലെ കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് പാടശേഖരസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ പറഞ്ഞു. 

214.5 ഏക്കർ വിസ്തൃതിയുള്ള കാരിച്ചാൽ പോട്ടകളയ്ക്കാട് പാടശേഖരത്തിലും മട വീണു. ഇന്നലെ കൃഷി ഇറക്കാൻ വരമ്പു കുത്തി വിത്ത് കെട്ടാൻ തീരുമാനിച്ചതായിരുന്നു. മട കെട്ടി വീണ്ടും കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ. നെല്ലിന്റെ വിലയും കൂലിച്ചെലവുകളും കഴിഞ്ഞു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന്റെ പ്രതീക്ഷയിലാണ് പല കർഷകരും കൃഷി ഇറക്കുന്നത്. ഇപ്പോഴുണ്ടാകുന്ന അധിക ചെലവുകൾ പലരെയും കടക്കണിയിലേക്കു തള്ളിവിടും. 

പള്ളിപ്പാട് വൈപ്പിൻകാട് വടക്ക് പാടശേഖരത്തിൽ മട കെട്ടാൻ ശ്രമിക്കുന്ന കർഷകർ.
പള്ളിപ്പാട് വൈപ്പിൻകാട് വടക്ക് പാടശേഖരത്തിൽ മട കെട്ടാൻ ശ്രമിക്കുന്ന കർഷകർ.

ഇടത്തോടുകളുടെ ആഴം വർധിപ്പിക്കുവാൻ യന്ത്രം ഉപയോഗിച്ച് ചെളി എടുത്ത് പല സ്ഥലത്തും പുറം ബണ്ടുകൾ ഉയർത്തി. എന്നാൽ വലിയ യന്ത്രങ്ങൾ ചെറിയ തോടുകളിൽ ഇറക്കിയപ്പോൾ ഇരുവശത്തും ഉണ്ടായിരുന്ന കൽക്കെട്ടുകളിൽ തട്ടി അവയെല്ലാം ഇളകി ആഴം കൂട്ടിയ തോട്ടിലേക്കു തന്നെ പതിക്കുകയാണെന്നു കർഷകർ പറഞ്ഞു.  ഉറപ്പും വീതിയും ഉണ്ടായിരുന്ന ബണ്ടുകൾ പലതും ഇപ്പോൾ ചെറുവരമ്പുകളായി മാറിയിക്കുന്നു. ഇതു മട വീഴ്ചയ്ക്കു കാരണമാകുന്നതായി കർഷകർ പറഞ്ഞു.  ചെറു തോടുകളിൽ ചീപ്പുകൾ നിർമിച്ച് കിഴക്കൻ വെള്ളത്തിന്റെ വരവിൽ നിന്ന് പാടശേഖരങ്ങളെ സംരക്ഷിക്കണം.  മട വീഴ്ചയിൽ നിന്നും പുറം ബണ്ടുകൾ സംരക്ഷിക്കുവാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.

English Summary:

Paddy field breaches in Haripad, Kerala, caused by heavy rains and flooding have resulted in significant losses for farmers, submerging fields ready for cultivation and delaying the agricultural season. The breaches necessitate costly repairs and highlight the urgent need for improved flood control measures in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com