'വലിയ ശബ്ദം കേട്ട് റോഡിലേക്ക് ഓടി, പലരുടെയും കൈകാലുകൾ പുറത്തായിരുന്നു; ആദ്യം പകച്ചു നിന്നു'
Mail This Article
ആലപ്പുഴ ∙ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായ ഉടൻ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി കോളജ് വിദ്യാർഥികളും. എസ്ഡി കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥികളായ ജഗൻ കാർത്തിക്, അഭിനവ് കൈലാസ്, അഭിനവ് പ്രകാശ് എന്നിവരാണു രക്ഷാപ്രവർത്തനത്തിന് ഒപ്പം ചേർന്നത്.
‘‘മുറിയിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ വലിയ ശബ്ദം കേട്ടാണു ഞങ്ങൾ റോഡിലേക്ക് ഓടിയത്. ഞങ്ങളുടെ പ്രായം തോന്നിക്കുന്നവർ ചോരയിൽ കുളിച്ചു കിടക്കുന്ന കാഴ്ചയാണു കണ്ടത്. പലരുടെയും കൈകാലുകൾ വാഹനത്തിനു പുറത്തായിരുന്നു. ആദ്യം എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു. അപ്പോഴേക്കും നാട്ടുകാരെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഞങ്ങളും അതിനൊപ്പം കൂടി.
ഡ്രൈവർ സീറ്റിലിരുന്നയാൾ വലതു വശത്തേക്കു ചരിഞ്ഞാണു കിടന്നിരുന്നത്. അയാളുടെ മടിയിൽ മറ്റൊരാൾ കിടപ്പുണ്ടായിരുന്നു. അയാൾ നേരിയ ശബ്ദത്തിൽ എന്തോ പറയാൻ ശ്രമിച്ചു. ഡോർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. കാറിന്റെ മുൻസീറ്റിലിരുന്നവരെ പുറത്തെടുക്കാനാണ് ഏറെ പാടുപെട്ടത്. ക്രെയിനിൽ വടം കെട്ടി വലിച്ചാണു ഡോർ തുറന്നത്. രക്ഷാപ്രവർത്തനത്തിനു ശേഷം റോഡിലെ ഗതാഗത നിയന്ത്രണത്തിനു പൊലീസിനെ സഹായിച്ച ശേഷം രാത്രി ഒരു മണിയോടെയാണു മുറിയിലെത്തിയത്. ഉറങ്ങാൻ കിടന്നിട്ടു മനസ്സിൽ മുഴുവൻ ചോരയിൽ കുളിച്ചു കിടക്കുന്ന സമപ്രായക്കാരുടെ രൂപമായിരുന്നെന്നു മൂവരും പറയുന്നു.
‘സീറ്റിൽ ചാരി ഉറങ്ങുന്നപോലെ’
‘‘വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. കാറിനു സമീപത്ത് എത്തിയപ്പോൾ ഡ്രൈവർ സീറ്റിലിരുന്ന പയ്യൻ കൈ എത്തിച്ച് എന്റെ കയ്യിൽ തൊട്ടു. അവൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ശബ്ദം പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ ഡോറുകളൊക്കെ ഉള്ളിലേക്കു പോയിരുന്നു.
വീട്ടിൽ നിന്ന് ഇരുമ്പുപാര കൊണ്ടുവന്നു ഡോർ കുത്തിത്തുറക്കാൻ സഹായിക്കുമ്പോഴും അകത്തുള്ളവർ മരിച്ചു കിടക്കുകയാണെന്ന് അറിഞ്ഞില്ല. സീറ്റിൽ ചാരി ഉറങ്ങുന്ന പോലെയാണ് അവർ കിടന്നിരുന്നത്. രംഗങ്ങൾ ഇപ്പോഴും മനസ്സിൽ നിന്നു മായുന്നില്ലെന്നും രാത്രി ഉറങ്ങാൻ സാധിച്ചില്ല’’– രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സമീപവാസി ചൈതന്യയിൽ ബി.കുമാർ പറഞ്ഞു.
ആ ‘നോ’ ജോയലിന്റെ ജീവൻ കാത്തു
അമ്പലപ്പുഴ ∙ കൂട്ടുകാർക്കൊപ്പം സിനിമയ്ക്കു പോകാൻ മാതാപിതാക്കൾ അനുവദിച്ചിരുന്നെങ്കിൽ അപകടത്തിൽപെട്ട ആ വാഹനത്തിൽ ജോയൽ ഷാജിയും ഉണ്ടാകുമായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിയായ അമ്പലപ്പുഴ വാണിയപ്പുരക്കൽ ജോയൽ ഷാജി ഹോസ്റ്റലിലാണു താമസിക്കുന്നത്.
സിനിമയ്ക്കു പോകാമെന്നു സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ജോയൽ മാതാപിതാക്കളോടു ചോദിച്ചെങ്കിലും മഴയായതിനാൽ പോകേണ്ടെന്നായിരുന്നു മറുപടി. ഇതോടെ ജോയൽ ആ മോഹം ഉപേക്ഷിച്ചു. ജോയൽ ഇല്ലെന്നറിഞ്ഞതോടെ സുഹൃത്ത് അനിരുദ്ധും സിനിമയ്ക്കു പോകേണ്ടെന്നു തീരുമാനിച്ചു. ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ, മരിച്ചവരുടെ ബന്ധുക്കൾക്കു സഹായവുമായി ജോയലിന്റെ പിതാവ് വാണിയപ്പുരക്കൽ ഷാജി എത്തിയിരുന്നു.