ആലപ്പുഴ ജില്ലയിൽ ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് ജനുവരി 3 മുതൽ
Mail This Article
ആലപ്പുഴ∙ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തുകൾ ജനുവരി മൂന്നു മുതൽ 13 വരെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി വിവിധ താലൂക്ക് ആസ്ഥാനങ്ങളിലാണ് അദാലത്ത് നടത്തുക. ജില്ലയിൽ മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവർ അദാലത്തിൽ പങ്കെടുക്കും.
പരിഗണനാ വിഷയങ്ങൾ
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്ക് വരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം, അതിർത്തി തർക്കങ്ങളും വഴി തടസപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനൂകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും ശുദ്ധജലവും, റേഷൻകാർഡ് എപിഎൽ/ ബിപിഎൽ (ചികിത്സാ ആവശ്യങ്ങൾക്ക്), കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ, വളർത്തു മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/ അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവയാണ് അദാലത്തിലെ പരിഗണനാ വിഷയങ്ങൾ.
പരിഗണിക്കാത്ത വിഷയങ്ങൾ
നിർദേശങ്ങൾ, അഭിപ്രായങ്ങൾ, ലൈഫ്മിഷൻ, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പിഎസ്‌സി സംബന്ധമായ വിഷയങ്ങൾ, വായ്പ എഴുതിത്തള്ളൽ, പൊലീസ് കേസുകൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു സഹായത്തിനുള്ള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുള്ള),റവന്യു റിക്കവറി- വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നിവ.
താലൂക്കുകളിലെ അദാലത്ത് തീയതി
ചേർത്തല– ജനുവരി 3
അമ്പലപ്പുഴ 4
കുട്ടനാട് 6
കാർത്തികപ്പള്ളി 7
മാവേലിക്കര 9
ചെങ്ങന്നൂർ 13
അപേക്ഷിക്കാം
∙ 16 മുതൽ 23 വരെ അക്ഷയകേന്ദ്രം, താലൂക്ക് ഓഫിസുകൾ എന്നിവിടങ്ങളിലൂടെ
∙ karuthal.kerala.gov എന്ന പോർട്ടൽ വഴി അപേക്ഷകനു സ്വന്തമായും അപേക്ഷിക്കാം.