കളർകോട് അപകടം: മനസ്സറിഞ്ഞ്, കൂടെനിന്ന് അഗ്നിരക്ഷാ സേന
Mail This Article
ആലപ്പുഴ ∙ കളർകോട് ചങ്ങനാശേരി ജംക്‌ഷനു സമീപം തിങ്കൾ രാത്രി 5 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ അഗ്നിരക്ഷാ സേനയുടെ അതിവേഗ ഇടപെടലിനെ അഭിനന്ദിച്ചു നാട്ടുകാരും രക്ഷാപ്രവർത്തകരും.അപകട വിവരം അറിഞ്ഞു സെക്കൻഡുകൾക്കുള്ളിൽ ആംബുലൻസും അപകട സമയത്ത് പ്രവർത്തിപ്പിക്കാനുള്ള എആർടി യൂണിറ്റുമായി അഗ്നിരക്ഷാസേനയുടെ 16 അംഗ സംഘം അപകടസ്ഥലത്തേക്കു പാഞ്ഞു. അഞ്ച് മിനിറ്റിനുള്ളിൽ 5 കിലോമീറ്റർ ദൂരം പിന്നിട്ട് ദുരന്ത സ്ഥലത്ത് എത്തിയ സേനയാണ് കാറിൽ ഉണ്ടായിരുന്ന 11 പേരിൽ കുടുങ്ങിക്കിടന്ന 7 പേരെ പുറത്തെടുത്തത്. കാർ റോപ് കെട്ടി ഉയർത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു മുറിച്ചാണ് ഓരോരുത്തരെയായി പുറത്തെടുത്തത്.എല്ലാവരെയും ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇതിനിടെ കെഎസ്ആർടിസി ബസിന്റെ മുന്നിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ചില്ല് പൊട്ടിത്തെറിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.എഫ്. ലോറൻസ്, ഡ്രൈവർ എസ്. കണ്ണൻ എന്നിവർക്ക് പരുക്കേറ്റു. അപകടത്തിൽ ചിതറി വീണ ചില്ലുകളും, ഡീസലും ഉൾപ്പെടെ വെള്ളം പമ്പ് ചെയ്ത് റോഡ് വൃത്തിയാക്കുകയും അപകടത്തിൽപെട്ട ബസും കാറും നീക്കിയിടുകയും ചെയ്ത ശേഷമാണ് സേന ദൗത്യം അവസാനിപ്പിച്ചതെന്നു സംഘത്തെ നയിച്ച സ്റ്റേഷൻ ഓഫിസർ എസ്. പ്രസാദ് പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ആർ. ജയസിംഹൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എസ്. രാജേഷ്, ആർ. കൃഷ്ണദാസ്, ഓഫിസർമാരായ ശശി അഭിലാഷ്, ജസ്റ്റിൻ ജേക്കബ്, ഡി. മനു, എസ്. ശ്രീജിത്ത്, പി.എസ്. അജിൻ, ആർ. അനന്തകൃഷ്ണൻ, ഡ്രൈവർമാരായ എം.ആർ. സുരാജ്, കെ.പി. പുഷ്പരാജ്, ഹോം ഗാർഡ്മാരായ ടി. സുഖിലാൽ, ശ്യാം കുമാർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.