ADVERTISEMENT

ആലപ്പുഴ∙ പ്രസവമെടുത്തപ്പോൾ കൈ ഞരമ്പ് വലിഞ്ഞ് ശിശുവിന്റെ വലതുകൈ തളർന്ന്, സ്വാധീനം നഷ്ടപ്പെട്ടെന്ന മാതാപിതാക്കളുടെ പരാതിയിൽ സംഭവത്തിൽ കടപ്പുറം വനിതാ ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സി.വി.പുഷ്പകുമാരിക്കെതിരെ പൊലീസ് കേസെടുത്തു. പ്രസവം എടുക്കുന്നതിനിടെ നവജാത ശിശുവിന്റെ കൈ തളർന്നു പോയെന്നും പ്രസവം എടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. പുഷ്പകുമാരിയാണ് ഉത്തരവാദിയെന്നും കുഞ്ഞിന്റെ മാതാപിതാക്കളായ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വാർഡ് ചിറപ്പറമ്പിൽ വീട്ടിൽ വിഷ്ണുദാസും ഭാര്യ എം. അശ്വതിയും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുഞ്ഞ് ഒരു വർഷമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴ് മാസം ഗർഭിണിയായിരിക്കെ വനിതാ ശിശു ആശുപത്രിയിൽ ഇവർ ചികിത്സ തേടി. വാക്വം ഡെലിവറിയിലൂടെ ആയിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.

സാധാരണ സ്കാനിങ്, ത്രീഡി ഇമേജ് സ്കാനിങ് എന്നിവയിൽ കുട്ടിക്ക് പ്രശ്നമുള്ളതായി കണ്ടെത്തിയിരുന്നില്ല. പ്രസവം കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ വലതു കൈക്കു സ്വാധീനമില്ലെന്നു കണ്ടെത്തി. ഇത് ചെറിയ പ്രശ്നമാണെന്നും കുഞ്ഞിന് 6 മാസം കഴിയുമ്പോൾ ശരിയാകുമെന്നും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. എന്നാൽ, മറ്റ് ആശുപത്രികളിൽ പിന്നീട് കാണിച്ചപ്പോഴാണ് പ്രസവമെടുത്തപ്പോൾ ഉണ്ടായ പിഴവാണ് കാരണമെന്നു മനസ്സിലായതായി വിഷ്ണുവും ആരതിയും പറഞ്ഞു. ഭാര്യ ഗർഭിണിയായിരിക്കെ മൂന്നാം മാസത്തിൽ വിഷ്ണുവിന് ബൈക്കപകടത്തിൽ വലതു കൈ തളർന്ന് സ്വാധീനം നഷ്ടപ്പെട്ടിരുന്നു. പ്രസവവും തുടർന്നു രണ്ടു ചികിത്സകളും കൂടിയായതോടെ സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ കുടുംബം. നേരത്തെ അസാധാരണ രൂപമാറ്റത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിലും വനിതാ ശിശു ആശുപത്രിയിലെ 2 ഡോക്ടർമാർക്കെതിരെ കേസ് എടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com