ADVERTISEMENT

ആലപ്പുഴ∙ ജില്ലാ ജഡ്ജി, മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം, കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടർ എന്നീ നിലകളിൽ നിയമ ലോകത്തെ നിറസാന്നിധ്യമായിരുന്ന ആർ. നടരാജൻ അന്തരിച്ചു. കായംകുളം സ്വദേശിയായ അദ്ദേഹം ആലപ്പുഴയിലായിരുന്നു താമസം.  പരുമല ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപു വരെ നിയമാധ്യാപനത്തിൽ വ്യാപ്യതനായിരുന്നു.

ഇടമലയാർ കേസിൽ 1999ൽ മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവരെ അഞ്ചുവർഷം കഠിനതടവിന് ശിക്ഷിച്ച ഇടമലയാർ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ആർ.നടരാജൻ. പിന്നീട് അദ്ദേഹത്തെ കേരള ഹൈക്കോടതി ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചു. ശേഷം കോട്ടയം ജില്ലാ ജഡ്ജിയായി നിയമിതനായ നടരാജനാണ് 2006ൽ പ്രവീൺ വധക്കേസിൽ ഒന്നാം പ്രതിയും മലപ്പുറം മുൻ ഡിവൈഎസ്പിയുമായ ഷാജിക്കും രണ്ടാം പ്രതിയായ ബിനുവിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് 2008 മുതൽ 2010 വരെ പാലക്കാട് ജില്ലാ ജഡ്ജിയായി പ്രവർത്തിച്ച നടരാജൻ തന്റെ കാലയളവിൽ പട്ടാമ്പി ആമയൂർ വധക്കേസിലെ പ്രതി പറമ്പത്തെട്ട് റെജികുമാറിന് വധശിക്ഷ വിധിച്ചിരുന്നു. 

മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളെ ജനകീയനാക്കിയ ജഡ്ജിയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അന്യാധീനപ്പെട്ട സർക്കാർ ഭൂമി പിടിച്ചെടുക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ അവിസ്മരണീയമാണ്. അന്ന് കമ്മീഷൻ ഐജിയായിരുന്ന എസ്.ശ്രീജിത്തിനെ നിയോഗിച്ച് സംസ്ഥാനത്തുടനീളം അന്വേഷണം നടത്തിയാണ് സർക്കാർ ഭൂമി തിരിച്ചു പിടിച്ചെടുക്കാൻ സർക്കാരിന് റിപ്പോർട്ട് നൽകിയത്. ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനും ആർ.നടരാജൻ , കെ.ഇ. ഗംഗാധരൻ എന്നിവർ അംഗങ്ങളുമായുള്ള അന്നത്തെ കമ്മീഷൻ ലക്ഷക്കണക്കിന് നിരാശ്രയർക്കാണ്  ആശ്രയമേകിയത്. കമ്മീഷനിൽ നിന്നും വിരമിച്ച ശേഷം പൂർണ സമയവും അധ്യാപനത്തിന് വേണ്ടി നീക്കിവച്ചു.

English Summary:

R. Natarajan, former District Judge and Human Rights Commission member, passed away in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com