എല്ലാവരും ഞങ്ങളെ കൈവിടുകയാണോ? അസാധാരണ രൂപത്തോടെ ജനിച്ച കുഞ്ഞിന്റെ കുടുംബം നിസ്സഹായാവസ്ഥയിൽ
Mail This Article
ആലപ്പുഴ∙ ‘‘ഇന്നലെ രാവിലെ പത്തിനു മുൻപ് ആശുപത്രിയിലെത്തി. മലർത്തിക്കിടത്താൻ പോലുമാകാത്ത, ഇതുവരെ കണ്ണുകളോ വായയോ തുറന്നിട്ടില്ലാത്ത ഈ കുഞ്ഞുമായി ഞങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ കയറിയിറങ്ങുന്നു. കുറെ പരിശോധനകൾ പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ വൈകിട്ടായി. തിങ്കളാഴ്ച പരിശോധനകൾക്ക് എട്ടു മണിക്കൂറെടുത്തു. മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. പക്ഷേ ഒരു പരിഗണനയും എവിടെയും ഞങ്ങൾക്കില്ല. കുഞ്ഞിന് എന്തു ചികിത്സ നൽകുമെന്നു പോലും ആരും പറയുന്നില്ല’’– അസാധാരണരൂപത്തോടെയും ആരോഗ്യപ്രശ്നങ്ങളോടെയും ജനിച്ച കുഞ്ഞിന്റെ മാതാപിതാക്കൾ വേദനയോടെ പറയുന്നു.
കുഞ്ഞിനെയും താങ്ങിപ്പിടിച്ചു മണിക്കൂറുകൾ കാത്തുനിന്നാണ് ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദും ഭാര്യ സുറുമിയും ഓരോ പരിശോധനകളും നടത്തുന്നത്. കുഞ്ഞിനു ഹൃദയത്തിൽ ദ്വാരമുള്ളതിനാൽ അതിന്റെ പരിശോധനകൾ, കാൽ വളഞ്ഞു പോയതിനാൽ സ്കാൻ, ജനിതക പ്രശ്നങ്ങളുടെ പരിശോധന... ഓരോ വിഭാഗങ്ങളിലായി ഇതു നീളുകയാണ്. രണ്ടാം നിലയിൽ കയറി വേണം ഡോക്ടർമാരെ കാണാൻ. സുറുമിയും ഉമ്മയും നന്നായൊന്ന് ഉറങ്ങിയിട്ട് ഒരു മാസമായി.
മാറിമാറി ഉറക്കമിളച്ചാണ് കുഞ്ഞിനെ നോക്കുന്നത്. ട്യൂബ് വഴിയാണു പാൽ കൊടുക്കുന്നത്. ഈ ആശുപത്രിയിൽ കുഞ്ഞിന്റെ എല്ലാ ചികിത്സകൾക്കും സംവിധാനമുണ്ടോ, കുഞ്ഞ് രക്ഷപ്പെടുമോ; ഒന്നും ഞങ്ങൾക്കറിയില്ല– അനീഷ് പറഞ്ഞു. ഗർഭകാലത്തു സുറുമിയെ ചികിത്സിച്ച ബീച്ച് ആശുപത്രിയിലും സ്വകാര്യ സ്കാനിങ് സെന്ററുകളിലെ പരിശോധനകളിലും ഗർഭസ്ഥശിശുവിന്റെ അസാധാരണ രൂപമാറ്റം ഉൾപ്പെടെ കണ്ടെത്തിയില്ലെന്നതു പരാതിക്കിടയാക്കിയിരുന്നു.
ഡോക്ടർമാരെ സംരക്ഷിച്ച് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്
തിരുവനന്തപുരം ∙ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ അസാധാരണരൂപത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കു നടത്തിയ ആദ്യ സ്കാനിങ്ങിൽ കണ്ടെത്താൻ കഴിയാത്തതാണെന്നു മന്ത്രി വീണ ജോർജിന് ആരോഗ്യ വകുപ്പ് അഡിഷനൽ ഡയറക്ടർ ഡോ.വി. മീനാക്ഷി നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഫ്ലൂയിഡ് കൂടുതലാണെന്നും വൈകല്യങ്ങൾക്കു സാധ്യതയുണ്ടെന്നും മാതാപിതാക്കളെ ബോധ്യപ്പെടുത്തുന്നതിൽ ഡോക്ടർമാർക്കു വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തിനു ഡോക്ടർമാരെ താക്കീത് ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.