വിത നശിച്ച ചെന്നിത്തല 8– ാം ബ്ലോക്ക് പാടശേഖരം: തോടിന്റെ ആഴം കൂട്ടൽ തുടങ്ങി
Mail This Article
മാന്നാർ ∙ കനത്ത മഴയെ തുടർന്നു വിത നശിച്ച ചെന്നിത്തല 8– ാം ബ്ലോക്ക് പാടശേഖരത്തിലെ പായൽ നീക്കുന്നതിന്റെയും തോടിന്റെ ആഴം കൂട്ടുന്നതിന്റെയും പ്രവർത്തനങ്ങൾക്കു തുടക്കമായി. മൂന്നു ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ചെന്നിത്തല 8– ാം ബ്ലോക്ക് പാടശേഖരത്തിൽ 156 ഏക്കർ നിലമാണ് വിതയ്ക്കുന്നതിനായി ഒരുക്കിയത്. ഇതിൽ 100 ഏക്കറിൽ വിതച്ചു.
വിതച്ചു രണ്ടാം നാൾ മുതൽ പെയ്ത കനത്ത മഴ പെയ്തതോടെ മട വീഴ്ചയുണ്ടായി ഈ 100 ഏക്കറിലെ വിത പൂർണമായും നശിച്ചു. അച്ചൻകോവിലാറ്റിലെ വലിയ പെരുമ്പുഴയിലുണ്ടായ മടവീഴ്ച്ചക്കു പുറമേ കാരാഴ്മ, ചെറുകോലിനു കിഴക്ക്, വടക്ക് ഭാഗത്തെ 25 കിലോമീറ്റർ ചുറ്റളവിലുള്ള കരവെള്ളം കൂടി പാടത്തെത്തിയതും വിത ഇത്ര കണ്ടു നശിക്കാൻ കാരണമായെന്നു കർഷകൻ കുര്യാക്കോസ് പറയകാട്ട് പറഞ്ഞു.
കനത്ത മഴയും മട വീഴ്ചയും ശക്തമായ ഒഴുക്കും കാരണം പാടശേഖരമാകെ ആഫ്രിക്കൻ പായലും മാലിന്യവും വന്നടിഞ്ഞു കിടക്കുകയായിരുന്നു. ഇവ നീക്കം ചെയ്യാതെ തുടർ കൃഷി സാധ്യമല്ലാതായതോടെ കർഷകർ മണ്ണുമാന്തിയുടെ സഹായത്തോടെ പാടത്തെ പായൽ നീക്കുകയും ഒഴുക്കു സുഗമമാക്കുന്നതിനായി തോടിന്റെ ആഴം കൂട്ടുകയുമാണു ചെയ്യുന്നത്. ഇതോടൊപ്പം നേരത്തെ കൃഷിയിറക്കിയ ചെന്നിത്തല 2– ാം ബ്ലോക്ക്, 5– ാം ബ്ലോക്ക് പാടശേഖരത്തിലും മടവീഴ്ചയുണ്ടായി വിത മുഴുവൻ നശിച്ചിരുന്നു. ഇവിടെയും ഈ ജോലികൾ വൈകാതെ തുടങ്ങും.
∙ കനത്ത മഴയെ തുടർന്നു ചെന്നിത്തല 2, 5, 8 ബ്ലോക്ക് പാടശേഖരങ്ങളിലെ 706 ഏക്കറിലെ വിതയും നടിച്ചിലുമാണ് പൂർണമായും നശിച്ചതെന്നു കർഷകരുടെ കണക്ക്. എന്നാൽ കൃഷി വകുപ്പ് പരിശോധന നടത്തുകയോ കണക്കുകൾ ശേഖരിക്കുകയോ ചെയ്തിട്ടില്ല. ഇത്രയും ഭാഗത്തു വിതച്ച വിത്തിനു പകരമായി കിളിർക്കുന്ന പുതിയ വിത്തു ലഭ്യമാക്കണമെന്നാണു കർഷകരുടെ ആവശ്യം. മങ്കൊമ്പിൽ പോലും വിത്തു ലഭ്യമല്ലാത്ത സാഹചര്യത്തിൽ കൃഷിവകുപ്പ് അടിയന്തര ഇടപെടൽ നടത്തി കർഷകർക്കു ആവശ്യമായ വിത്ത് എത്തിച്ചെങ്കിൽ മാത്രമേ വീണ്ടും കൃഷിയിറക്കാനാകൂ. അല്ലാത്ത പക്ഷം ഈ വർഷത്തെ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നാണു കർഷകരുടെ മുന്നറിയിപ്പ്.