പരിഹാരമില്ലാതെ കാട്ടുപന്നിശല്യം; ഭയന്ന് കർഷകർ
Mail This Article
ചെങ്ങന്നൂർ ∙ ഇലഞ്ഞിമേൽ, തിങ്കളാമുറ്റം പ്രദേശങ്ങൾക്കു പിന്നാലെ പുലിയൂർ പേരിശേരിയിലും കാട്ടുപന്നി ശല്യം. കഴിഞ്ഞ ദിവസം പുലർച്ചെ പേരിശേരി വൈഎംഎ ജംക്‌ഷനു സമീപം കാട്ടുപന്നിക്കൂട്ടത്തെ കണ്ടു. ഇവ തിങ്കളാമുറ്റം റോഡിലൂടെ മലയിൽകുന്നത്ത് ഭാഗത്തേക്ക് കടന്നു. മുൻപ് ഇലഞ്ഞിമേൽ, തിങ്കളാമുറ്റം ഭാഗങ്ങളിൽ മാത്രമാണു കാട്ടുപന്നികളെ കണ്ടിരുന്നത്. കാട്ടുപന്നികളെ വെടി വയ്ക്കാൻ ഷൂട്ടറെ നിയമിക്കുന്ന കാര്യം അടുത്ത കമ്മിറ്റി ചർച്ച ചെയ്യുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ പറഞ്ഞു. അതേസമയം ഷൂട്ടറെ നിയോഗിച്ചിട്ടുള്ള വെൺമണി പഞ്ചായത്തിലും കാട്ടുപന്നിശല്യം രൂക്ഷമാണ്.
ചാങ്ങമലയിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം ചാങ്ങമലയിൽ ദിലീഷിന്റെ പുരയിടത്തിലെ കിണറ്റിൽ കാട്ടുപന്നി ചത്തു കിടന്നിരുന്നു. ഇതിനെ മറവു ചെയ്യാനുള്ള തുക നൽകാൻ പഞ്ചായത്ത് ആദ്യം വിസമ്മതിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് വഴങ്ങുകയായിരുന്നു. മുളക്കുഴ പഞ്ചായത്തിലെ മിക്ക വാർഡുകളിലും കാട്ടുപന്നി ശല്യമുണ്ട്. കൊടയ്ക്കാമരം, പച്ചക്കാട് പ്രദേശത്ത് ശല്യം രൂക്ഷമാണ്. ഇവയെ ഭയന്നു കൃഷി ചെയ്യാൻ മടിക്കുകയാണു കർഷകർ. ചെങ്ങന്നൂർ നഗരസഭയിൽ അങ്ങാടിക്കൽ തെക്ക്, പുത്തൻകാവ് ഭാഗങ്ങളിലും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു.