ADVERTISEMENT

കായംകുളം ∙ പ്രഖ്യാപിക്കുമ്പോൾ സാധാരണ ഉപതിരഞ്ഞെടുപ്പു മാത്രമായിരുന്ന പത്തിയൂർ പഞ്ചായത്ത് 12ാം വാർഡ് ഉപതിരഞ്ഞെടുപ്പിന് ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബുവിന്റെ പാർട്ടി മാറ്റത്തോടെ അസാധാരണ രാഷ്ട്രീയ പ്രാധാന്യം. രൂപീകരണം മുതൽ എൽഡിഎഫ് വിജയിക്കുന്ന വാർഡിൽ ഇക്കുറി രാഷ്ട്രീയ മാറ്റമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പത്തിയൂരിൽ നിന്നുള്ള സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ബിപിൻ ജില്ലാ പഞ്ചായത്തംഗവുമാണ്. ദിവസങ്ങൾക്കു മുൻപ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ ബിജെപിക്കു വേണ്ടി പ്രചാരണ രംഗത്ത് സജീവമാണ്. ബിപിൻ പാർട്ടി വിട്ടത് തങ്ങളെ ബാധിച്ചിട്ടില്ലെന്നു തെളിയിക്കാനുള്ള അവസരമെന്ന നിലയിൽ സീറ്റ് നിലനിർത്താൻ എല്ലാ കരുത്തും ഉപയോഗിച്ചു പോരാടുകയാണു സിപിഎം.

സിപിഎം – ബിജെപി വടംവലിക്കിടയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ സംസ്ഥാന, ജില്ലാ നേതാക്കളെ കളത്തിലിറക്കിയാണ് യുഡിഎഫ് പോരിന് മൂർച്ച കൂട്ടുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് യുഡിഎഫായിരുന്നു.  വികസനകാര്യ  സ്ഥിരസമിതി അധ്യക്ഷ ജയകുമാരി മരിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്  വേണ്ടിവന്നത്. ജയകുമാരിയുടെ ഭർത്താവ് സി.എസ്.ശിവശങ്കരപ്പിള്ളയാണ് എൽഡിഎഫ് സ്ഥാനാർഥി.  യുഡിഎഫ് കഴിഞ്ഞ തവണത്തെ സ്ഥാനാർഥി ദീപക് എരുവയെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. ബിജെപി സ്ഥാനാർഥി ബിജു ആമ്പക്കാട്ടാണ്. 10ന് ആണ് വോട്ടെടുപ്പ്. 11ന് ഫലം പ്രഖ്യാപിക്കും. വാർഡിൽ ആകെ 1739 വോട്ടർമാരാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 531 വോട്ടും യുഡിഎഫ് 487 വോട്ടും ബിജെപി 406 വോട്ടും സ്വതന്ത്രൻ 16 വോട്ടും നേടിയിരുന്നു.

ജീവന് ഭീഷണിയുണ്ടെന്ന്  ബിപിൻ സി.ബാബുവിന്റെ പരാതി 
കായംകുളം ∙ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബു ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് ജില്ലാ പൊലീസ് മേധാവിക്കും കരീലക്കുളങ്ങര പൊലീസിലും പരാതി നൽകി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നു ബിപിൻ പറഞ്ഞു. ഒരു മന്ത്രിയുടെ നേതൃത്വത്തിൽ തനിക്കെതിരെ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ചില തീവ്രസ്വഭാവുമുള്ള സംഘടനകളിൽ നിന്നും ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു.

English Summary:

Kayamkulam by-election in the Pathiyoor Panchayat ward has become a crucial battleground as the recent defection of a CPM leader to BJP has turned the contest into a heated three-way race between LDF, UDF, and BJP. The outcome could significantly impact the political landscape in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com