വൈദ്യുതി നിരക്ക് വർധന: കെഎസ്ഇബി കുറുവസംഘമെന്ന് ബോർഡ് വച്ച് യൂത്ത് കോൺഗ്രസ് സമരം
Mail This Article
ആലപ്പുഴ∙ വൈദ്യുതി നിരക്ക് വർധനവിനെതിരെ കെഎസ്ഇബി ജില്ലാ ഓഫിസിനു മുന്നിൽ കുറുവ സംഘം ഇലക്ട്രിസിറ്റി ബോർഡ് എന്നു ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. വൈദ്യുതി ഭവൻ ഓഫിസിലേക്ക് പന്തംകൊളുത്തി പ്രതിഷേധത്തിനിടെയാണു കുറവ സംഘമെന്ന ബോർഡ് സ്ഥാപിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കുറുവ സംഘത്തെപ്പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണു കേരള സർക്കാരുമെന്നു പ്രവീൺ പറഞ്ഞു. കുറുവ സംഘം രാത്രി മാത്രം കൊള്ള നടത്തുമ്പോൾ കേരള സർക്കാർ രാവും പകലും കൊള്ള നടത്തുകയാണെന്നതു മാത്രമാണു വ്യത്യാസം. നിരക്ക് വർധന പിൻവലിച്ചില്ലെങ്കിൽ വൈദ്യുതി മന്ത്രിയെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും പ്രവീൺ പറഞ്ഞു.
ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുൽ പുതിയ പറമ്പിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ റഹീം വെറ്റക്കാരൻ, സരുൺ റോയ്, രജിൻ എസ്.ഉണ്ണിത്താൻ, ഡിസിസി ജനറൽ സെക്രട്ടറി ടി.വി.രാജൻ, സിറിയക് ജേക്കബ്, കെ.നൂറുദ്ദീൻ കോയ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജു താഹ, റിനു ബൂട്ടോ, സജിൽ ഷെരീഫ്, നായിഫ് നാസർ എന്നിവർ പ്രസംഗിച്ചു.