വനിതാ ശിശു ആശുപത്രിയിലെ അനാസ്ഥ: മനുഷ്യാവകാശ കമ്മിഷൻ ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് തേടി
Mail This Article
ആലപ്പുഴ∙ വനിതാ ശിശു ആശുപത്രിയിൽ റേഡിയോളജിസ്റ്റ് ഇല്ലാത്തതും സ്കാനിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാത്ത അനാസ്ഥയെക്കുറിച്ചുമുള്ള പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആരോഗ്യ വകുപ്പിനോട് റിപ്പോർട്ട് തേടി. പൊതു പ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് കമ്മിഷൻ നടപടി.വനിതാ ശിശു ആശുപത്രിയിൽ അസാധാരണ രൂപമാറ്റത്തോടെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെയും കുഞ്ഞ് ജനിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷനും നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.
നവജാത ശിശുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക: എഐവൈഎഫ്
ആലപ്പുഴ∙ വനിതാ ശിശു ആശുപത്രിയിൽ ജനിച്ച ശിശുവിന്റെ അപൂർവ വൈകല്യങ്ങളുടെ ഉത്തരവാദിത്തം സ്വകാര്യ ലാബുകളുടെ തലയിൽ മാത്രം കെട്ടിവച്ച് കയ്യൊഴിയുന്ന ആശുപത്രി അധികൃതരുടെ നടപടിയിൽ എഐവൈഎഫ് ആലപ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുഞ്ഞിന്റെ വൈകല്യങ്ങളുടെ ഉത്തരവാദിത്തം കണ്ടുപിടിക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും മണ്ഡലം സെക്രട്ടറി നിജുതോമസ് ആവശ്യപ്പെട്ടു.