ആലപ്പുഴ, കായംകുളം റെയിൽവേ സ്റ്റേഷൻ: വികസനം മാർച്ചിൽ പൂർത്തിയാകും
Mail This Article
ആലപ്പുഴ∙ അമൃത് ഭാരത് പദ്ധതിയിൽ ആലപ്പുഴ, കായംകുളം റെയിൽവേ സ്റ്റേഷനുകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ മാർച്ചിൽ പൂർത്തിയാക്കുമെന്നു റെയിൽവേ അധികൃതർ. കെ.സി.വേണുഗോപാൽ എംപി ആലപ്പുഴയിൽ വിളിച്ചു ചേർത്ത ഡിവിഷനൽ റെയിൽവേ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് കാലത്തു നിർത്തലാക്കിയ തീരദേശപാത വഴി സർവീസ് നടത്തിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ എംപി നിർദേശിച്ചു. മെമു, പാസഞ്ചർ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന എംപിയുടെ നിർദേശത്തിൽ കോച്ചുകളുടെ ലഭ്യത അനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താമെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി.
കരുനാഗപ്പള്ളി, ചേർത്തല എന്നിവിടങ്ങളെ അമൃത് ഭാരത് പദ്ധതി കാറ്റഗറി–3ൽ ഉൾപ്പെടുത്തുക, റെയിൽവേ േമൽപാലങ്ങളുടെ നിർമാണം വേഗത്തിലാക്കുക, അരൂർ, തുറവൂർ, മാരാരിക്കുളം, ചേപ്പാട്, ഓച്ചിറ സ്‌റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു മുൻഗണന നൽകുക തുടങ്ങിയ നിർദേശങ്ങളും എംപി നൽകി.
കൊല്ലത്തെ മെമു ഷെഡ് സ്ഥാപിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ മനീഷ് ധപ്‌ല്യാൽ. റെയിൽവേ ഡിവിഷൻ സീനിയർ എൻജിനീയർ എം.മാരിയപ്പൻ, സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ വൈ.സെൽവിൻ, ചീഫ് പ്രോജക്ട് മാനേജർ കണ്ണൻ, ചീഫ് എൻജിനീയർ രാജഗോപാൽ, ഡിവിഷനൽ ട്രാക്‌ഷൻ എൻജിനീയർ സജി എന്നിവരടങ്ങിയ സംഘമാണ് ആലപ്പുഴയിലെത്തിയത്. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ നടത്തുന്ന നവീകരണപ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക ഉദ്യോഗസ്ഥ സംഘം ഇന്നെത്തും.
ഉടൻ നടപ്പാകുന്ന പദ്ധതികൾ
∙ ഹരിപ്പാട് സ്റ്റേഷനെ ഭിന്നശേഷി സൗഹൃദ സ്റ്റേഷനാക്കുന്ന പദ്ധതിക്ക് അംഗീകാരമായി; ടെൻഡർ നടപടി ഉടൻ.
∙ ഹരിപ്പാട്ടെ റെയിൽവേ സ്റ്റേഷൻ അപ്രോച്ച് റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കും.
∙ അമ്പലപ്പുഴ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഒന്നിൽ കൂടുതൽ ട്രെയിനുകൾ പ്രവേശിക്കുന്ന വിധം ഗതാഗതം പുനഃക്രമീകരിക്കും.
∙ ചേർത്തല റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റുകൾക്കുള്ള ടെൻഡർ നടപടികൾ ഉടൻ.
∙ കരുനാഗപ്പള്ളിയിൽ പ്ലാറ്റ്ഫോം ഷെൽറ്ററുകളുടെ നീളം കൂട്ടും. പാർക്കിങ്, സർക്കുലേറ്റിങ് ഏരിയകളും വിപുലമാക്കും. ലിഫ്റ്റുകളും പരിഗണിക്കും.
യോഗത്തിൽ എംപി ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ
∙ ആലപ്പുഴ സ്റ്റേഷൻ എൻഎസ്ജി രണ്ട് (നോൺ സബ്അർബൻ ഗ്രേഡ്–2) വിഭാഗത്തിലേക്ക് ഉയർത്തുക.
∙ നിലവിൽ എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്ന ഏതാനും ട്രെയിനുകൾ ആലപ്പുഴയിലേക്കു നീട്ടുക.
∙ അമ്പലപ്പുഴയിൽ പ്ലാറ്റ്ഫോം രണ്ടിലേക്കു ലിഫ്റ്റ് സ്ഥാപിക്കുക.
∙ പാത ഇരട്ടിപ്പിക്കലിന് അനുമതിയായ എറണാകുളം- കുമ്പളം, കുമ്പളം- അരൂർ മേഖലയിൽ ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ നടപടികൾ വേഗത്തിലാക്കുക.