കളർകോട് വാഹന അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കണമെന്ന് കെ.സി
Mail This Article
അമ്പലപ്പുഴ ∙ കളർകോട് വാഹന അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായധനം പ്രഖ്യാപിക്കണമെന്ന് കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ ചികിത്സാ ചെലവ് മുഴുവനായി സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളെ അദ്ദേഹം സന്ദർശിച്ചു.
മെഡിക്കൽ വിദ്യാർഥികൾ ആയതിനാൽ അവരെല്ലാം സമ്പന്നരാണെന്ന് കണക്കാക്കരുത്. മാതാപിതാക്കൾ വായ്പയെടുത്തും മറ്റും ആണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്.കോളജിലെ പിടിഎയാണ് കുട്ടികളുടെ ചികിത്സ ചെലവു മുഴുവൻ വഹിച്ചു വരുന്നത്. സർക്കാർ വേഗത്തിൽ ആ തുക തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാതയോരത്തെ മെഡിക്കൽ കോളജ് എന്ന നിലയിൽ അത്യാഹിത വിഭാഗം ശക്തിപ്പെടുത്താൻ സർക്കാർ തയാറാകണം. ഗുഡ് സമരിറ്റൻ നിയമം പാസാക്കിയിട്ടുണ്ട് എങ്കിലും അപകടം ഉണ്ടായവർക്ക് ആവശ്യമായ മെഡിക്കൽ കെയർ നൽകാനുള്ള സംവിധാനങ്ങളിൽ കുറവുണ്ട്.ആലപ്പുഴ മെഡിക്കൽ കോളജിലെ പോരായ്മകൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിന്റെ ചുറ്റുമതിൽ പുനർനിർമിക്കും
അമ്പലപ്പുഴ ∙ ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് പൊളിച്ച ആലപ്പുഴ മെഡിക്കൽ കോളജിന്റെ ചുറ്റുമതിൽ പുനർനിർമിക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ദേശീയപാത വിഭാഗവുമായി നിലനിന്നിരുന്ന തർക്കം പരിഹരിച്ചതായി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. എത്രയും പെട്ടെന്നുതന്നെ ചുറ്റുമതിൽ നിർമിക്കാൻ ദേശീയപാത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.