ഐഎച്ച്ആർഡിയിൽ പെൻഷൻ ആനുകൂല്യം നൽകാത്ത നടപടി മനുഷ്യാവകാശ ലംഘനം: റിട്ട. എംപ്ലോയീസ് ഫോറം
Mail This Article
ചെങ്ങന്നൂർ ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് ) വിവിധ സ്ഥാപനങ്ങളിൽ നിന്നു വിരമിച്ച ജീവനക്കാർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്ത മാനേജ്മെന്റിന്റെയും സർക്കാരിന്റെയും നിഷേധാത്മക നടപടി പ്രതിഷേധാർഹവും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഐഎച്ച്ആർഡി റിട്ടയേർഡ് എംപ്ലോയിസ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു.
ഐഎച്ച്ആർഡിയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന ഹൈക്കോടതി വിധി ഉണ്ടായിട്ടും പേ റിവിഷൻ കുടിശിക പോലും നൽകിയിട്ടില്ല. ഇക്കാര്യത്തിലുള്ള കോടതി വിധിയെപ്പോലും കാറ്റിൽപ്പറത്തിയുള്ള ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സംഘടനാ ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ കാലവിളംബംകൂടാതെയുള്ള അനുകൂല നടപടി ഉണ്ടാകാത്ത പക്ഷം ഐഎച്ച്ആർഡി ആസ്ഥാനത്ത് സത്യഗ്രഹം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. മാർച്ചിൽ എറണാകുളത്തു വെച്ചു സംസ്ഥാന സമ്മേളനം നടത്തുവാനും യോഗം തീരുമാനിച്ചു. ഐഎച്ച്ആർഡി റിട്ടയേർഡ് എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.ബി. യശോധരൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.സദാശിവൻ അധ്യക്ഷനായി. എ.ജി.ഡേവിഡ്, വി.എസ്.ഖദീജ, ജെ.ഹാഷിം, എസ്.സുനിൽ, പി.കെ.മജീദ് , വി.ജി.സുരേഷ് കുമാർ, ഖരീം, പി.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു.