തീരാനോവ്; 'ആൽവിൻ കഴുത്തിലണിയാൻ ആഗ്രഹിച്ചിരുന്ന സ്റ്റെതസ്കോപ് അവന്റെ ശരീരത്തോട് ചേർത്തുവച്ചു'
Mail This Article
എടത്വ ∙ ആൽവിൻ കഴുത്തിലണിയാൻ ആഗ്രഹിച്ചിരുന്ന സ്റ്റെതസ്കോപ് അപ്പൻ അവന്റെ ശരീരത്തോട് ചേർത്തുവച്ചു. പഠനകാലത്തു മകൻ ധരിച്ചിരുന്ന വെള്ളക്കോട്ട് അമ്മ മുറുകെപ്പിടിച്ചു. നിറമാർന്ന സ്വപ്നങ്ങൾ ബാക്കിയാക്കി ആൽവിൻ യാത്രയായി. കളർകോട് വാഹനാപകടത്തിൽ മരിച്ച ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി എടത്വ പള്ളിച്ചിറ ആൽവിൻ ജോർജിന് നാട് കണ്ണീരോടെ വിട നൽകി. നാടിന്റെ പ്രതീക്ഷയും അഭിമാനവുമായിരുന്ന പ്രിയപ്പെട്ടവന് അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിലായിരുന്നു സംസ്കാരം. ആൽവിൻ അംഗമായ നാട്ടിലെ ഫുട്ബാൾ ടീമിലെ അംഗങ്ങൾ ജഴ്സി ധരിച്ചാണ് സഹതാരത്തെ യാത്രയാക്കാനാനെത്തിയത്. ആൽവിന്റെ ജഴ്സി മൃതദേഹത്തോടൊപ്പം വച്ചതു കണ്ട് അവർ കണ്ണുതുടച്ചു.
രണ്ടിന് രാത്രി കളർകോട്ട് കാർ കെഎസ്ആർടിസി ബസിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ ആൽവിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 5നാണു മരിച്ചത്. മെഡിക്കൽ കോളജിലെ പൊതുദർശനത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച ഉച്ചയോടെ തലവടി മാണത്താറ കറുകപ്പറമ്പ് വീട്ടിലെത്തിച്ചു. രാവിലെ 9നു തന്നെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചെങ്കിലും ആൽവിനെ അവസാനമായി ഒരുനോക്കു കാണാനെത്തിയവരുടെ നിര നീണ്ടതിനാൽ വീട്ടിലെ പൊതുദർശനം നിശ്ചിത സമയം കഴിഞ്ഞും നീണ്ടു. മൃതദേഹം വീട്ടിൽ നിന്നുമെടുത്തപ്പോഴും അമ്മ മീന ആൽവിനെ കൈകളിൽ മുറുകെപ്പിടിച്ചിരുന്നു. മൃതദേഹത്തിലേക്കു വീണ് ഏകസഹോദരൻ കെവിൻ പൊട്ടിക്കരഞ്ഞു. പിതാവ് കൊച്ചുമോൻ ജോർജ് മൃതദേഹത്തിനരികെ വിറങ്ങലിച്ചു നിന്നു.
ആൽവിൻ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വിലാപയാത്രയിലും ആയിരങ്ങൾ പങ്കെടുത്തു. വീട്ടിൽ നിന്നു 3 കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയെത്താൻ 2 മണിക്കൂറെടുത്തു. സ്കൂളിലെ പൊതുദർശനത്തിലും ആയിരക്കണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 11 പേർ സഞ്ചരിച്ച കാറാണ് രണ്ടിന് അപകടത്തിൽ പെട്ടത്. 5 പേർ അന്നു തന്നെ മരിച്ചു. മൂന്നാം ദിവസം ആൽവിനും. അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ ഓർമകളുമായി ഇന്നലെ ഗവ. മെഡിക്കൽ കോളജ് ക്യാംപസിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. കത്തിച്ച മെഴുകുതിരികളുമായി ഏറെ നേരം അവർ ആ ഓർമകൾക്കു ചുറ്റുമിരുന്നു.
കണ്ണീർനനവോടെ ഈ ഓർമവെട്ടം
ആലപ്പുഴ ∙ പഞ്ചാരവട്ടത്ത് അവർ വീണ്ടും ഒത്തുകൂടി; എന്നാൽ ഇത്തവണ കളിചിരികളില്ല, അകാലത്തിൽ പൊലിഞ്ഞ പ്രിയ കൂട്ടുകാരുടെ ഓർമകളിൽ ദുഃഖം തളംക്കെട്ടിയ മനസ്സുമായി കത്തിച്ച മെഴുകുതിരികളുമായാണ് അവർ ഒത്തുചേർന്നത്. കളർകോട് വാഹനാപകടത്തിൽ മരിച്ച ഗവ. മെഡിക്കൽ കോളജിലെ ആറു വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിച്ചു കോളജ് അധികൃതർ ക്യാംപസിലെ പഞ്ചാരവട്ടത്തു സംഘടിപ്പിച്ച ചടങ്ങ് വികാരനിർഭരമായി. മലയാളത്തിൽ സംസാരിച്ചാൽ വൈകാരികമാകുമെന്നതിനാൽ പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി സംസാരം ഇംഗ്ലിഷിലാക്കി. വേദനയിൽ ഒപ്പം നിന്ന എല്ലാവർക്കും മിറിയം വർക്കി നന്ദി പറഞ്ഞു.
‘‘മക്കളെ നഷ്ടപ്പെട്ടവർക്ക് ഇനി നമ്മളാണു മക്കൾ, വിടപറഞ്ഞ കൂട്ടുകാർ വീട്ടിലേക്കു വിളിക്കുന്ന സമയത്ത് ഇനി നമ്മൾ വിളിക്കണം, നമ്മൾ ഇങ്ങനെ വിഷമിച്ച് ഇരിക്കുന്നത് അവർക്ക് ഇഷ്ടമല്ല, നന്നായി പഠിച്ചു മുന്നേറണം’’ – ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി അലീന റെയ്ച്ചൽ പറഞ്ഞു തീരും മുൻപേ അധ്യാപകരടക്കം വിങ്ങിപ്പൊട്ടി. ഒന്നര മാസം മാത്രമേ ഒന്നിച്ചു പഠിച്ചതെങ്കിലും എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു എന്നതു വിദ്യാർഥികളുടെയും അധ്യാപകരുടെയും വാക്കുകളിൽ നിന്നു വ്യക്തം. എച്ച്.സലാം എംഎൽഎ, പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, പിടിഎ പ്രസിഡന്റ് ഗോപൻ ഗോകുലം, കോളജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിഖ്, അലീന റെയ്ച്ചൽ എന്നിവർ പ്രസംഗിച്ചു.
അപകടസ്ഥലം ഗതാഗത കമ്മിഷണർ സന്ദർശിച്ചു
ആലപ്പുഴ ∙ കളർകോട്ട് 6 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലം ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു സന്ദർശിച്ചു. ഇരുട്ടുണ്ടാകാൻ സാധ്യതയുള്ള സ്ഥലത്താണ് അപകടം നടന്നതെന്നും മഴ ഉണ്ടായിരുന്നതിനാൽ കാഴ്ചയെ ബാധിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിൽ പരിധിയിൽ കൂടുതൽ യാത്രികരെ കയറ്റിയത്, ഡ്രൈവറുടെ അനുമാനം തെറ്റിയത്, ഡ്രൈവിങ് പ്രാഗത്ഭ്യത്തിലെ കുറവ്, വാഹനത്തിന്റെ ക്ഷമത എന്നിവയാണ് അപകടകാരണമായെന്ന മോട്ടർ വാഹന വകുപ്പിന്റെ വിലയിരുത്തൽ അദ്ദേഹവും ശരിവച്ചു.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ചും പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾക്കു റിപ്പോർട്ട് നൽകുമെന്നു ഗതാഗത കമ്മിഷണർ പറഞ്ഞു.സംസ്ഥാനത്തെ എല്ലാ ആർടിഒമാരുടെയും ജോയിന്റ് ആർടിഒമാരുടെയും യോഗത്തിനായി ആലപ്പുഴയിൽ എത്തിയതായിരുന്നു അദ്ദേഹം. ആർടിഒ എ.കെ.ദിലു, എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ എന്നിവരും ഗതാഗത കമ്മിഷണർക്ക് ഒപ്പമുണ്ടായിരുന്നു.
വാഹന ഉടമയ്ക്ക് നോട്ടിസ് നൽകും
അപകട സമയത്തു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി വാഹന ഉടമയ്ക്ക് ആർടിഒ എ.കെ.ദിലു ഇന്നു നോട്ടിസ് നൽകും. വാഹനം പണം വാങ്ങി വാടകയ്ക്കു നൽകിയതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ നൽകിയ ശുപാർശയിൽ ആർടിഒയാണു നടപടിയെടുക്കുന്നത്. വാഹന ഉടമയെ കേട്ട ശേഷമാകും നടപടിയെടുക്കുക.അപകടസമയത്തു വാഹനം ഓടിച്ചിരുന്ന വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നടപടി ആരംഭിച്ചിട്ടുണ്ട്. പരുക്കു ഭേദമായ ശേഷം വിദ്യാർഥിയെ കൂടി കേട്ടശേഷമാകും നടപടി.
മെഡിക്കൽ ബോർഡ് യോഗം
അമ്പലപ്പുഴ ∙ ചികിത്സയിൽ കഴിയുന്ന മെഡിക്കൽ വിദ്യാർഥികളുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രിയിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് വിലയിരുത്തി. ഗൗരി ശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു. നില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് സ്റ്റുഡന്റ്സ് സിക്ക് റൂമിലേക്ക് മാറ്റും. മുഹസിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. സ്റ്റെപ് ഡൗൺ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നാളെ കയ്യുടെ ശസ്ത്രക്രിയ നടക്കും.
ആനന്ദ് മനുവിന്റെ മുഖത്തെ എല്ലിന്റെയും തുടയെല്ലിന്റെയും ശസ്ത്രക്രിയ നാളെ ചെയ്യാൻ തീരുമാനിച്ചു. തലയുടെ സിടി സ്കാൻ ചെയ്തു. ന്യൂറൊ സർജറി ഡോക്ടറുടെ നിർദേശ പ്രകാരമാണ് മറ്റു ശസ്ത്രക്രിയകൾ നടത്തുന്നത്. കൃഷ്ണദേവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. നാലു വിദ്യാർഥികൾക്കും സൈക്കോളജിക്കൽ കൗൺസലിങ് നൽകാനും ബോർഡ് യോഗം തീരുമാനിച്ചു. പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി അധ്യക്ഷത വഹിച്ചു.