സുമനസ്സുകൾ കൈകോർത്തു; വിദ്യാർഥിക്കു വീടൊരുങ്ങി
Mail This Article
അമ്പലപ്പുഴ ∙ സഹപാഠികളും സമാന്തര വിദ്യാലയത്തിലെ പ്രിൻസിപ്പലും കൈ കോർത്തപ്പോൾ പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിക്കും കുടുംബത്തിനും ചോർന്നൊലിക്കാത്ത വീട്ടിൽ ഇനി അന്തിയുറങ്ങാം. 3 മാസം മുൻപ് വിദ്യാർഥി സമാന്തര വിദ്യാലയമായ പുന്നപ്ര യുകെഡിയിൽ എത്തിയപ്പോൾ പുസ്തകവും പഠനോപകരണങ്ങളും നനഞ്ഞിരുന്നു. പ്രിൻസിപ്പൽ ഡി. ഉണ്ണിക്കൃഷ്ണൻ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വീടിന്റെ ദയനീയ സ്ഥിതി കുട്ടി വിവരിച്ചത്.
മാതാപിതാക്കളും സഹോദരിമാരും അടങ്ങുന്ന തന്റെ കുടുംബം ചോർന്നൊലിക്കുന്ന കുടിലിൽ അന്തിയുറങ്ങുന്ന വിവരം വേദനയോടെ വിദ്യാർഥി പങ്കുവച്ചപ്പോൾ ഇവർക്ക് ചോർന്നൊലിയാത്ത കിടപ്പാടം നിർമിച്ചു നൽകാൻ ഉണ്ണിക്കൃഷ്ണൻ തീരുമാനിച്ചു. തുടർന്ന് സഹപാഠികളും സ്ഥാപനത്തിലെ പൂർവ വിദ്യാർഥികളും യുകെഡിയിലെ അധ്യാപകരും ചേർന്ന് സ്വരൂപിച്ച 7 ലക്ഷം രൂപ കൊണ്ട് വീടൊരുക്കി. വീടിന്റെ പാലു കാച്ചൽ ചടങ്ങ് 12ന് നടക്കുമെന്ന് ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.