അരൂർ–തുറവൂർ ഉയരപ്പാത നിർമാണം: പാതയോരത്തെ കാന നിർമാണം വൈകിയേക്കും
Mail This Article
തുറവൂർ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി പാതയോരത്തെ കാന നിർമാണം വൈകാൻ സാധ്യത. തുറവൂർ മുതൽ അരൂർ വരെ 12.75 കിലോമീറ്റർ പാതയിൽ ഇരുവശങ്ങളിലുമായി അടുത്ത കാലവർഷത്തിനു മുൻപ് കാന നിർമാണം പൂർത്തിയാക്കാനാണു ദേശീയപാത വിഭാഗം ഉദ്ദേശിച്ചിരുന്നത്. ചെറുമഴ പെയ്താൽ കുത്തിയതോട്, കോടംതുരുത്ത്, എരമല്ലൂർ, ചന്തിരൂർ, അരൂർ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
എരമല്ലൂർ മുതൽ അരൂർ ബൈപാസ് വരെയുള്ള ഭാഗത്ത് പെയ്ത്തുവെള്ളം ഒഴുകി പോകാൻ കഴിയാത്തതിനാൽ ഒന്നരയടിയോളം വെള്ളമാണ് പലയിടങ്ങളിലും കെട്ടി നിൽക്കുന്നത്. കാനയുടെ നിർമാണം ഇന്നലെ ആരംഭിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് ജല അതോറിറ്റിക്ക് ഉയരപ്പാത കരാറുകാർ മുൻകൂട്ടി നോട്ടിസ് നൽകിയിരുന്നു. എന്നാൽ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് എന്നീ പഞ്ചായത്തുകളിലേക്കു ജലവിതരണം നടത്തുന്ന സംഭരണികളിലേക്കു പോകുന്നതും ഗാർഹിക കണക്‌ഷനുമായുള്ള 450 എംഎം മുതൽ 700 എംഎം വരെയുള്ള പൈപ്പുകൾ പാതയുടെ ഇരുവശങ്ങളിലും ഉണ്ട്.
പലയിടങ്ങളിലും കാനയുടെ കോൺക്രീറ്റ് വരുന്നതു പൈപ്പുകൾക്കു മുകളിലാണ്. കോൺക്രീറ്റിന്റെ ഭാരം മൂലം നിലവിലുള്ള ജിആർപി പൈപ്പുകൾ ക്ഷതം ഏൽപിക്കും. മാത്രമല്ല കാനയുടെ നിർമാണം പൂർത്തിയാകുമ്പോൾ ചോർച്ച ഉണ്ടായാൽ ചോർന്നൊലിക്കുന്ന വെള്ളം കാനയിലൂടെ ഒഴുകി പോകും. ഇതുമൂലം ചോർച്ച കണ്ടുപിടിക്കാനും സാധ്യമല്ല.
ഇതേ തുടർന്നാണ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിക്കുകയും നിലവിലെ പൈപ്പ് മാറ്റി ഡിഐ പൈപ്പ് സ്ഥാപിക്കണമെന്ന നിലപാട് ജല അതോറിറ്റി എടുത്തത്. എന്നാൽ കുറച്ചു ഭാഗങ്ങളിൽ മാത്രമാണ് പൈപ്പുകൾക്കു മുകളിൽ കോൺക്രീറ്റ് കാന വരുന്നതെന്നും അതിനാൽ പൈപ്പ് മാറ്റി സ്ഥാപിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് ഉയരപ്പാത നിർമാണ കരാറുകാരുടെ നിലപാട്.
പ്രശ്നം പരിഹാരത്തിന് ഉടൻ യോഗം ചേരും
അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ ഡിഐ പൈപ്പ് സ്ഥാപിക്കുന്നതിനായി 12.5 കോടി രൂപയുടെ എസ്റ്റിമേറ്റ് ദേശീയപാതയ്ക്കു കൈമാറിയിരുന്നു. എന്നാൽ നടപടിയായില്ല. ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ അലക്സ് വർഗീസ്, കെ.സി.വേണുഗോപാൽ എംപി, ദലീമ ജോജോ എംഎൽഎ, ദേശീയപാതവിഭാഗം ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.