കരകയറി കടൽ; ആലപ്പുഴ ബീച്ചിലും പരിസരങ്ങളിലും ശക്തമായ കടലേറ്റം
Mail This Article
ആലപ്പുഴ ∙ ആലപ്പുഴ ബീച്ചിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാവിലെ മുതൽ ശക്തമായ തിര അനുഭവപ്പെട്ടു. വേലിയേറ്റ സമയങ്ങളിൽ തിര ശക്തി പ്രാപിച്ച് കരയിലേക്ക് ആഞ്ഞടിച്ചു. ആലപ്പുഴ ബീച്ചിൽ ആരംഭിക്കാനിരിക്കുന്ന എക്സ്പോയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മറച്ച ഷീറ്റുകൾ കഴിഞ്ഞദിവസം കടൽ കയറി മറിഞ്ഞു വീണിരുന്നു.ഇന്നലെ ഉച്ചയ്ക്കു ശേഷം കടൽ ശാന്തമായി. മഴയുണ്ടായിരുന്നതിനാൽ ഇന്നലെ വൈകിട്ട് ബീച്ചിൽ സഞ്ചാരികളും പൊതുവേ കുറവായിരുന്നു. അപകടമേഖലകളിൽ സഞ്ചാരികളെ കടലിലിറങ്ങുന്നതിൽ നിന്നു ടൂറിസം പൊലീസും ലൈഫ് ഗാർഡും വിലക്കി. ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതിനാൽ സഞ്ചാരികൾക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
ആറാട്ടുപുഴയിലും കടലേറ്റം
മുതുകുളം ∙ ആറാട്ടുപുഴയിൽ ഇന്നലെയും കടൽ കയറി. കടൽഭിത്തി ഇല്ലാത്ത പ്രദേശങ്ങളിലാണ് കടൽവെള്ളം കരയിലേക്ക് അടിച്ചു കയറിയത്. രാവിലെ 10 വരെ കടലേറ്റം തുടർന്നു. വലയഴീക്കൽ -തൃക്കുന്നപ്പുഴ തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം കിഴക്കോട്ട് ഒഴുകി. പെരുമ്പള്ളി, രാമഞ്ചേരി, വട്ടച്ചാൽ, ആറാട്ടുപുഴ പടിഞ്ഞാറേ ജുമാ മസ്ജിദിന് സമീപം, കാർത്തിക ജംക്‌ഷൻ എന്നിവിടങ്ങളിലാണ് കടൽ കയറിയത്.