പച്ചക്കറിക്കൃഷി നശിപ്പിച്ചതായി പരാതി
Mail This Article
കുട്ടനാട് ∙ സാമൂഹിക വിരുദ്ധർ പച്ചക്കറി കൃഷി നശിപ്പിച്ചതായി പരാതി. കാവാലം ആറിൽ പുത്തൻകളം ജോബി ആന്റണിയുടെ പയർ കൃഷിയാണു സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. കാവാലം കൃഷിഭവൻ പരിധിയിലെ രാമരാജപുരം പാടശേഖരത്തിലെ കർഷകനാണു ജോബി. സ്വന്തമായി 16 ഏക്കർ കൃഷിഭൂമിയുണ്ട്. നബാർഡ് ഫണ്ടിൽ പാടശേഖരത്തിൽ പുറംബണ്ട് നിർമിച്ചു കൊണ്ടിരിക്കുകയാണ്. നെല്ലിനൊപ്പം മറ്റു കൃഷികളും പ്രോത്സാഹിപ്പിക്കണമെന്ന നബാർഡിന്റെ നിർദേശം ഏറ്റെടുത്താണു ജോബി പച്ചക്കറി കൃഷി ഇറക്കിയത്.
പാടശേഖരത്തിന്റെ പുറംബണ്ടിലെ കരിങ്കൽ ഭിത്തിയുടെ സംരക്ഷണത്തിനായി നിർമിച്ച മൺചാരിൽ ആണു പച്ചക്കറി കൃഷി ഇറക്കിയത്. 100 ചുവടു ചേമ്പും 86 ചുവടു പയറുമാണു ജോബി നെല്ലിനൊപ്പം കൃഷി ഇറക്കിയത്. ഇതിൽ പൂക്കാറായ പയർ ചെടികളിൽ പകുതിയോളം ചുവടെ മുറിച്ചു മാറ്റിയ നിലയിലാണ്. രണ്ട് ആഴ്ചയ്ക്കുള്ളിൽ ദിവസം 60 കിലോ പയർ ഉൽപാദിപ്പിക്കാൻ സാധിക്കുമായിരുന്ന ചെടികളാണു മുറിച്ചു കളഞ്ഞത്. കഴിഞ്ഞ സീസണിൽ വീടിനു സമീപത്തെ മറ്റൊരു പാടശേഖരത്തിൽ സ്വന്തം കൃഷിയിടത്തിലെ വരമ്പിൽ വെള്ളരി കൃഷി ചെയ്തു മികച്ച വിളവ് ലഭിച്ചിരുന്നു.
കൃഷി വകുപ്പിനും കൈനടി പൊലീസിൽ സ്റ്റേഷനിലും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൃഷിയിടത്തിൽ ചെടികൾ മുറിച്ചു നീക്കിയ സ്ഥലത്ത് 10 ഇഞ്ചിന്റെ ചെരിപ്പിന്റെ പാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതടക്കമുള്ള സൂചനകൾ വച്ചുള്ള അന്വേഷണമാണു പുരോഗമിക്കുന്നത്.