കായലിലും തോടുകളിലും പോളപ്പായൽ; ദുരിതം, ചെറു വള്ളങ്ങളുടെ യാത്ര അസാധ്യമായി
Mail This Article
തുറവൂർ∙ വേമ്പനാട്ട് കായലിന്റെ ശാഖയായ തൈക്കാട്ടുശേരി കായലിലും തോടുകളിലും പോളപ്പായൽ തിങ്ങി. കായലോരത്ത് താമസിക്കുന്നവർ ദുരിതത്തിൽ. തുറവൂർ പഞ്ചായത്തിലെ അനന്തൻകരി, പുതുവീട്ടിക്കരി, കുട്ടൻചാൽ എന്നിവിടങ്ങളിൽ നിന്നു ചെറുവള്ളങ്ങളിൽ സഞ്ചരിച്ചാണ് പടിഞ്ഞാറൻ മേഖലയിലുള്ള റോഡുകളിലെത്തുന്നത്. വേലിയേറ്റ– വേലിയിറക്ക സമയത്ത് കായലോരത്തേക്കും ഇടത്തോടുകളിലേക്കും പോളപ്പായൽ ഒഴുകിയെത്തിയതോടെ ചെറു വള്ളത്തിലൂടെയുള്ള യാത്ര ദുരിതമായി. ചെറുവള്ളങ്ങൾ പായലുകൾക്കിടയിൽ അകപ്പെടുന്നുണ്ട്.
മറ്റു വള്ളങ്ങളെത്തിയാണ് കുടുങ്ങിക്കിടക്കുന്ന ചെറുവള്ളക്കാരെ രക്ഷപ്പെടുത്തുന്നത്. മുൻപ് കുട്ടൻചാലിലുള്ളവർ തുറവൂരിലെ കരയിലേക്ക് എത്തിയിരുന്നത് 10 മിനിറ്റ് കൊണ്ടായിരുന്നു. എന്നാൽ പായൽ നിറഞ്ഞതോടെ അരമണിക്കൂറിലേറെ പായലുമായി മല്ലിട്ട് വേണം മറുകരയെത്താൻ. വർഷങ്ങൾക്ക് മുൻപ് കുട്ടനാട് പാക്കേജിൽ പെടുത്തി ചില ഏജൻസികളുടെ സഹായത്തോടെ വേലിയേറ്റ, വേലിയിറക്കത്തിൽ ഉണ്ടാകുന്ന പായൽ യന്ത്രസഹായത്തോടെ നീക്കിയിരുന്നു. ഈ പദ്ധതി വീണ്ടും കൊണ്ടുവരണമെന്നാണ് കായലോര വാസികളുടെ ആവശ്യം.