കായംകുളത്തും കരുത്തുകാട്ടി കാരിച്ചാൽ; ചാംപ്യൻ പട്ടത്തിലേക്കു പള്ളാത്തുരുത്തിക്ക് ഒരു പടി കൂടി മാത്രം
Mail This Article
കായംകുളം ∙ ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ (5:13:84 മിനിറ്റ്) വിജയികളായി. വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം (5:18:87 മിനിറ്റ്) രണ്ടാമതും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ (5:19:44 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു. കരകളിൽ തിങ്ങി നിറഞ്ഞ വള്ളംകളി ആസ്വാദകരിൽ ആവേശം വാരിവിതറി ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടന്നത്.
ഫൈനലിൽ നെട്ടായത്തിന്റെ പകുതിയിലധികവും പത്തു തുഴപ്പാടുകൾക്കു പിന്നിൽ നിന്ന പിബിസി കാരിച്ചാൽ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ് നടത്തിയാണ് ഒന്നാമതെത്തിയത്. പത്ത് തുഴപ്പാട് പിന്നിൽനിന്ന ശേഷം അര വള്ളപ്പാട് വ്യത്യാസത്തിൽ മറ്റുള്ളവരെ തോൽപിച്ചത് സിബിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിങ് ആയി. ചാംപ്യൻ പട്ടം പള്ളാത്തുരുത്തിക്ക് ഇനി ഒരു മത്സരം മാത്രം അകലെ.
കേരള ടൂറിസം സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാംപ്യൻസ് ബോട്ട് ലീഗിന്റെ അഞ്ചാം മത്സരമാണ് കായംകുളത്ത് നടന്നത്. പിബിസി കാരിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. വിബിസി വീയപുരം രണ്ടാമതും നിരണം ചുണ്ടൻ മൂന്നാമതും. ഡിസംബർ 21ന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെ ഇക്കൊല്ലത്തെ സിബിഎലിന് സമാപനമാകും. ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ 3 പോയിന്റുകളുടെ വ്യത്യാസമേയുള്ളു എന്നതു കൊല്ലത്തെ മത്സരത്തിന്റെ ആവേശമുയർത്തും.
തലവടി (യുബിസി കൈനകരി) നാല്, നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ലബ്) അഞ്ച്, ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്) ആറ്, മേൽപ്പാടം (കുമരകം ബോട്ട് ക്ലബ്) ഏഴ്, പായിപ്പാട് (ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്) എട്ട്, ആയാപറമ്പ് വലിയ ദിവാൻജി (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒൻപത് എന്നിങ്ങനെയാണ് കായംകുളത്തെ മറ്റു സ്ഥാനങ്ങൾ. യു.പ്രതിഭ എംഎൽഎ, കായംകുളം നഗരസഭാധ്യക്ഷ പി. ശശികല എന്നിവർ സംബന്ധിച്ചു.