അച്ചൻകോവിലാറിന്റെ കരകളിൽ വെള്ളപ്പൊക്ക ഭീഷണി
Mail This Article
ചാരുംമൂട്∙ അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നതും കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതും ആറിന്റെ ഇരുകരകളിലെയും ജനങ്ങളെ ആശങ്കയിലാക്കുന്നു. 2018 മുതൽ സ്ഥിരമായി വെള്ളപ്പൊക്കമുണ്ടായി നൂറുകണക്കിന് കുടുംബങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും ഇതുവരെയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. മഴ ശക്തമായി ആറ്റിൽ വെള്ളം ഉയരാൻ തുടങ്ങിയതോടെയാണ് നൂറനാട്, വെൺമണി പഞ്ചായത്തുകളിലായി ആറിന്റെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങൾ ആശങ്കയിലായിരിക്കുന്നത്.
ഇനിയും മഴയുടെ ശക്തി വർധിക്കുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയും ചെയ്താൽ ഇരു കരകളിലേക്കും വെള്ളം കയറും. ആറിന്റെ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ആറ്റിൽ അടിഞ്ഞുകൂടിയിരുന്ന മണൽ നീക്കം ചെയ്തെങ്കിലും വീണ്ടും മണ്ണ് കൂടിയിരിക്കുകയാണ്. ഇതോടൊപ്പം കഴിഞ്ഞ വെള്ളപ്പൊക്കകാലങ്ങളിൽ ആറ്റിലെ കുളിക്കടവുകൾ എല്ലാംതന്നെ നശിച്ചിരുന്നു. ഇതിനും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കൊല്ലകടവ് മുതൽ ആറ്റിലെ വെള്ളം കരയുമായി മുട്ടിനിൽക്കുകയാണ്. ഇത് കാരണം ഇവിടത്തെ ജനങ്ങൾക്ക് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നൂറനാട് പഞ്ചായത്തിലെ ആറ്റുവ, പാറ്റൂർ തുടങ്ങിയ ഭാഗങ്ങളിൽ അഞ്ഞൂറോളം വീടുകളാണ് വെള്ളം കയറി നശിച്ചതും ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നഷ്ടപ്പെട്ടതും. വെള്ളം കയറി നശിച്ച കുടുംബാംഗങ്ങൾ എല്ലാംതന്നെ ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും ഒരുമാസത്തോളം കഴിഞ്ഞുകൂടി. നിലവിൽ ഭൂരിപക്ഷം വീടുകളുടെയും ഭിത്തികൾ പൊട്ടിയ അവസ്ഥയിലാണ്.
ഇതുവരെയും ഇവർക്ക് ആവശ്യമായ നഷ്ട പരിഹാരം അനുവദിച്ചിട്ടുമില്ല. കൃഷി വകുപ്പിൽ നിന്ന് നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിച്ചത്. വെള്ളപ്പൊക്കത്തിന് മുൻപ് ആറ്റുവ ചേന്നാത്ത് കടവിൽ ചീപ്പ് സ്ഥാപിക്കണമെന്നും അരീത്തോടിന്റെ വശങ്ങൾ ഒന്നര കിലോമീറ്റർ നീളത്തിൽ രണ്ടടി ഉയർത്തികെട്ടണമെന്നും വർഷങ്ങളോമുള്ള ജനകീയാവശ്യങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. 2018ലെ പ്രളയത്തിന് ശേഷം ചെറിയ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ തന്നെ ചേന്നാത്ത് കടവിലൂടെ അരീത്തോട് വഴി വെള്ളം കയറി ഹെക്ടർ കണക്കിന് ഭൂമിയിലെ കൃഷി നശിക്കുകയും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറുകയും ചെയ്യും. ഇത് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി, മുൻ കലക്ടർ എംഎൽഎ, എംപി എന്നിവർ ഉറപ്പ് നൽകിയിട്ടും ഇതുവരെയും പദ്ധതി ഒന്നുമായിട്ടില്ല.
തുടർച്ചയായി ഉണ്ടാവുന്ന വെള്ളപ്പൊക്കത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ ഈ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ഇപ്പോഴും പരിഹാരമില്ലാതെ നിലകൊള്ളുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ്റുവയ്ക്ക് ചുറ്റുമുള്ള പഴയ ബണ്ട് ബലപ്പെടുത്തുകയും പുതിയ ബണ്ട് നിർമിക്കുകയും ചെയ്തിട്ടും ചേന്നാത്ത് കടവ് കെട്ടാൻ നടപടി സ്വീകരിച്ചിട്ടില്ല. ആറ്റിൽ കൂടുതൽ വെള്ളം ഉയരുന്നതിന് മുൻപ് തന്നെ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.