വർത്തമാനം പറയാം, ഒന്നിച്ചിരിക്കാം...; വയോജനങ്ങൾക്കായി ജില്ലയിൽ ആദ്യത്തെ ടോക്കിങ് പാർലർ ആലപ്പുഴ നഗരത്തിൽ
Mail This Article
ആലപ്പുഴ ∙ വാർധക്യവും മറവി രോഗവും മൂലം ഒറ്റപ്പെടുന്നവർക്ക്, സമപ്രായക്കാരായ വ്യക്തികൾക്ക് ഒപ്പമിരുന്ന് ആഹ്ലാദവും ആരോഗ്യവും വീണ്ടെടുക്കാനായി ജില്ലയിൽ ആദ്യത്തെ ടോക്കിങ് പാർലർ നഗരത്തിൽ തുടങ്ങി. നഗരത്തിലെ 10 കേന്ദ്രങ്ങളിൽ കൂടി ടോക്കിങ് പാർലർ ആരംഭിക്കും. ഹെൽത്ത് ഏജ് മൂവ്മെന്റും, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും ചേർന്നാണ് വിദേശ രാജ്യങ്ങളിലെ പോലെ ടോക്കിങ് പാർലർ പഴവീട് പനവേലിയിൽ സുരേഷിന്റെ വസതിയിൽ താൽക്കാലികമായി തുടങ്ങിയത്.
ടോക്കിങ് പാർലറിൽ പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാം. അതുവഴി ഓർമകൾ പങ്കുവച്ച് അൽസ്‌ഹൈമേഴ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാം. ആരോഗ്യ പരിരക്ഷ ഉറപ്പാക്കാം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ടോക്കിങ് പാർലറിൽ ഒത്തുകൂടുന്നതു പോലെയാണു സംവിധാനം. ഇഷ്ട വിഷയങ്ങൾ ചർച്ച ചെയ്യാം, ഓർമകൾ പങ്കുവയ്ക്കാം. നാട്ടിൻപുറങ്ങളിൽ അന്യമാകുന്ന വയോജന കൂട്ടായ്മകളെ തിരികെ കൊണ്ടുവരിക എന്നതാണു പ്രധാന ലക്ഷ്യം.
കൊല്ലം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലാണ് ടോക്കിങ് പാർലർ ആശയം നടപ്പാക്കിയത്. സർക്കാരിന്റെ വയോജനക്ഷേമ കമ്മിഷൻ മുഖാന്തരം ടോക്കിങ് പാർലർ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാനുള്ള നിർദേശം സമർപ്പിക്കുമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു ഡോ. പത്മകുമാർ പറഞ്ഞു. ഹെൽത്ത് ഏജ് മൂവ്മെന്റ് കോ-ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ. നാസർ, മിനി അനിൽ, നാണുക്കുട്ടി, മറിയാമ്മ സോളമൻ, ശാന്തി സുരേഷ് എന്നിവർ പ്രസംഗിച്ചു.