വി.എസ്.പീറ്റർ പുൽക്കൂട് ഒരുക്കുന്നു, ഒന്നല്ല, നൂറുകണക്കിന്
Mail This Article
ചേർത്തല∙ കളവംകോട് ബിഷപ് മൂർ സ്കൂളിനു സമീപമുള്ള ഹാൻഡിക്രാഫ്റ്റ് കമ്പനിയിൽ വടക്കേമുറി വി.എസ്.പീറ്റർ പുൽക്കൂട് ഒരുക്കുകയാണ്, ക്രിസ്മസിനെ വരവേൽക്കാൻ. ഒന്നും രണ്ടുമല്ല, നൂറുകണക്കിനു ചൂരൽ പുൽക്കൂടുകളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ തയാറാക്കുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമാക്കി മൂന്നുമാസം മുൻപു പുൽക്കൂടുകളുടെ നിർമാണം ആരംഭിച്ചു. 1250 പുൽക്കൂടുകൾ ഇതിനോടകം പൂർത്തിയായി. രണ്ടായിരത്തിലധികം പുൽക്കൂടുകൾക്ക് ഇതിനോടകം ഓർഡർ ലഭിച്ചിട്ടുണ്ട്. അസമിലെ ചൂരൽ കാടുകളിൽ പോയി കരാർ ഉറപ്പിച്ച് വെട്ടിയെടുക്കുന്ന ചൂരൽ നാട്ടിലെത്തിച്ചാണു പുൽക്കൂടിന് ഉപയോഗിക്കുന്നത്. മൂന്നു വർഷമായി തുടർച്ചയായി ക്രിസ്മസ് വിപണി ലക്ഷ്യമാക്കി രണ്ടായിരത്തോളം ചൂരൽ പൂൽക്കൂട് നിർമിക്കുന്നുണ്ട്.
ഒരടി മുതൽ മൂന്നടി വരെ വലുപ്പമുള്ള പുൽക്കൂടുകളാണ് സാധാരണ നിർമിക്കുന്നത്. ദേവാലയങ്ങളിലേക്കും ആവശ്യക്കാർക്കും നിർദേശിക്കുന്ന അളവിലും വലുപ്പത്തിലും പുൽക്കൂടുകൾ നിർമിച്ചു നൽകും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലേക്കും പുൽക്കൂട് നിർമിച്ചു നൽകുന്നു. തമിഴ്നാട്ടിൽ നിന്നും ആവശ്യക്കാർ എത്തിത്തുടങ്ങിയിട്ടുണ്ട്. ആവശ്യക്കാർക്ക് പുൽക്കൂട്ടിൽ വയ്ക്കുന്നതിനുള്ള വൈക്കോലും നൽകുന്നു. 450 രൂപ മുതൽ വലുപ്പം അനുസരിച്ചാണു പുൽക്കൂടിനു വിലയിടുന്നത്.
തമിഴ്നാട്ടിലെ സീഫുഡ് കമ്പനിയിൽ 40 വർഷം ജോലി ചെയ്ത പീറ്റർ അഞ്ചുവർഷം മുൻപാണ് നാട്ടിലെത്തി ഹാൻഡിക്രാഫ്റ്റ് നിർമാണ കമ്പനി ആരംഭിച്ചത്. പട്ടണക്കാട് പഞ്ചായത്ത് ഓഫിസിനു സമീപം ദേശീയപാതയോരത്ത് വാടകയ്ക്ക് എടുത്ത കെട്ടിടം റോഡ് നിർമാണത്തിനായി പൊളിച്ചു നീക്കിയതോടെ കളവംകോട് സ്വന്തമായ സ്ഥലത്ത് നിർമാണം ആരംഭിക്കുകയായിരുന്നു.