ADVERTISEMENT

ആലപ്പുഴ∙ ഇടവിട്ടുള്ള മഴയും മണ്ണിന്റെ ലഭ്യതക്കുറവും കാരണം ജില്ലയിലെ ദേശീയപാത നിർമാണം ഇഴയുന്നു. ഡിസംബറോടെ 60% പണികൾ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും ഒരു റീച്ചിലും അത്രയും പുരോഗതി വന്നിട്ടില്ല. നിർമാണം തുടങ്ങുമ്പോഴത്തെ കരാർ പ്രകാരം അടുത്ത വർഷം ഡിസംബറിൽ ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ പണി  വൈകുന്നതിനാൽ നിശ്ചിത സമയത്തു പൂർത്തിയാക്കാനാകുമോയെന്ന് ആശങ്കയുണ്ട്.

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ചേപ്പാട് ഭാഗത്ത് ഉയരപ്പാതയ്ക്കുള്ള തൂണുകളുടെ 
നിർമാണം പുരോഗമിക്കുന്നു. ചിത്രം: മനോരമ
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ചേപ്പാട് ഭാഗത്ത് ഉയരപ്പാതയ്ക്കുള്ള തൂണുകളുടെ നിർമാണം പുരോഗമിക്കുന്നു. ചിത്രം: മനോരമ

അരൂർ– തുറവൂർ ഉയരപ്പാത
അരൂർ മുതൽ തുറവൂർ വരെയുള്ള ഉയരപ്പാതയിൽ 48% പണി പൂർത്തിയായി. ഉയരപ്പാതയ്ക്കു മണ്ണിന്റെ ആവശ്യം കുറവാണെന്നതിനാൽ മണ്ണിന്റെ ലഭ്യതക്കുറവു പണികളെ ബാധിച്ചില്ല. ഏറ്റവും അവസാനം ടെൻഡർ ചെയ്ത പണിയാണെങ്കിലും നിർമാണം വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.

‌തുറവൂർ– പറവൂർ
മിക്കയിടത്തും റോഡ് മണ്ണിട്ട് ഉയർത്തേണ്ടതുണ്ടായിരുന്ന റീച്ചിൽ മണ്ണിന്റെ ലഭ്യതക്കുറവു റോഡ് നിരപ്പാക്കുന്നതിനെ ഏറെ ബാധിച്ചു. നിർമാണം ഇതുവരെ 50% പിന്നിട്ടിട്ടില്ല. ജംക്‌ഷനുകളിൽ അടിപ്പാത വേണമെന്ന ആവശ്യങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ തീരുമാനം വൈകിയതും നിർമാണം വൈകാൻ ഇടയാക്കി.

പറവൂർ– കൊറ്റുകുളങ്ങര
ഇതുവരെ 46% പണി മാത്രമാണു പൂർത്തിയായത്. റോഡിനായി ഏറ്റെടുത്ത സ്ഥലം നിരപ്പാക്കുന്നതും കോൺക്രീറ്റിങ്ങും വൈകിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയ്ക്കു സമാന്തരമായുള്ള പുതിയ പാലത്തിന്റെ രൂപരേഖ പുതുക്കിയത് ആ ഭാഗത്തെ പണി  വൈകാൻ ഇടയാക്കി. അമ്പലപ്പുഴ പായൽകുളങ്ങരയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരത്തിലാണ്.

കൊറ്റുകുളങ്ങര– കൊല്ലം
നിർമാണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഈ റീച്ചാണ്. 58% പണി  പൂർത്തിയായി. റീച്ചിൽ കൊറ്റുകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗമാണ് ജില്ലയിൽ ഉൾപ്പെടുന്നത്. അടിപ്പാതകളിൽ കൃഷ്ണപുരം അടിപ്പാതയുടെ നിർമാണമാണ് ഏറെ മുന്നിലുള്ളത്.

മണ്ണ് എത്തുമോ?
മണ്ണിന്റെ ലഭ്യതക്കുറവു ദേശീയപാത നിർമാണത്തെ ഏറെ ബാധിക്കുന്നുണ്ട്. അരൂർ– തുറവൂർ ഒഴികെയുള്ള റീച്ചുകളിൽ റോഡ് ഉയർത്തി ബലപ്പെടുത്തുന്നതിനും പാലങ്ങളിലേക്കുള്ള അപ്രോച്ച് റോഡ് നിർമിക്കുന്നതിനും ആവശ്യത്തിനു മണ്ണ് ലഭിക്കുന്നില്ല. ഒരിടത്തു നിന്നു മണ്ണെടുത്തു കഴിഞ്ഞ  ശേഷമാണ് അടുത്തയിടത്തു പാസ് നൽകിയിരുന്നത്. 

ഓരോ ദിവസവും നൂറുകണക്കിനു ലോഡ് മണ്ണ് വേണ്ടിയിരുന്നിടത്ത് ഏതാനും ലോഡ് മാത്രമാണു മിക്ക ദിവസങ്ങളിലും എത്തിയത്. കൂടുതലിടത്തു നിന്നു മണ്ണ് എടുക്കാനുള്ള അനുമതി ലഭിച്ചപ്പോഴേക്കും ശക്തമായ മഴയെത്തിയതും പ്രതിസന്ധിയായി. നവംബർ– ഡിസംബർ മാസങ്ങളിൽ മണ്ണ് എത്തിക്കാമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടവിട്ടുള്ള മഴ തിരിച്ചടിയായി.

English Summary:

National Highway construction in [District Name], Kerala, is facing significant delays due to persistent rainfall and a shortage of construction materials. The slow progress has raised concerns about the project's ability to meet its December 2024 completion deadline.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com