സഞ്ചാരികളെ വരവേൽക്കാൻ പാതിരാമണൽ ഒരുങ്ങുന്നു
Mail This Article
മുഹമ്മ ∙ വിനോദ സഞ്ചാരികളെ വരവേൽക്കാൻ പാതിരാമണൽ ദ്വീപ് അണിഞ്ഞൊരുങ്ങുന്നു. 26 മുതൽ 30 വരെ നടക്കുന്ന ‘പാതിരാമണൽ ഫെസ്റ്റിൽ’ വിനോദ സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്നാണു സംഘാടകർ കണക്കുകൂട്ടുന്നത്. സഞ്ചാരികളെ ആകർഷിക്കാൻ ദ്വീപിലും പരിസര പ്രദേശങ്ങളിലും സൗന്ദര്യവൽക്കരണ ജോലികൾ ആരംഭിച്ചു. കലാപരിപാടികളും ഇവിടെ അരങ്ങേറും. കായിപ്പുറം ജംക്‌ഷൻ മുതൽ കായിപ്പുറം ജെട്ടിവരെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. വഴിക്ക് ഇരുപുറവുമുള്ള മതിലുകളിൽ ഗ്രാമചാരുത ഓളംതല്ലുന്ന ചുമർ ചിത്രങ്ങൾ സ്ഥാനം പിടിച്ചു.
കൊല്ലം ആസ്ഥാനമായുള്ള ക്യാപ്റ്റൻ സോഷ്യൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ചത്. കേരളത്തിന് പുറമേ തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രകാരന്മാരും ചിത്രങ്ങൾ വരയ്ക്കാൻ എത്തി. ചീനവല, നെൽപ്പാടങ്ങൾ, കയർ, മത്സ്യ തൊഴിലിടങ്ങൾ എന്നിങ്ങനെയുള്ള ഗ്രാമകാഴ്ചകളാണ് ചിത്രങ്ങൾക്ക് വിഷയമായിട്ടുള്ളത്.