ചെന്നിത്തല മൂന്നാം ബ്ലോക്ക്: പാടശേഖരത്തിൽ മട വീഴ്ച്ച; മൂന്ന് ഏക്കറിലെ വിത നശിച്ചു
Mail This Article
മാന്നാർ ∙ ചെന്നിത്തല 3 ാം ബ്ലോക്ക് പാടശേഖരത്തിൽ മട വീണ് മൂന്ന് ഏക്കറിലെ വിത നശിച്ചു. അച്ചൻകോവിലാറിന്റെ കൈവഴിയായ ചെന്നിത്തല പുത്തനാറിലെ പാമ്പനംചിറ ഭാഗത്തു നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന തോടിന്റെ കിഴക്കു വടക്കു ഭാഗത്തുള്ള ചിറ പൊട്ടിയാണ് മട വീഴ്ചയുണ്ടായത്. നേരത്തെ പാമ്പനംചിറ തോട്ടിൽ പ്രവർത്തിച്ചിരുന്ന മോട്ടർപ്പുര ഒരു വർഷം മുൻപ് 100 മീറ്റർ പടിഞ്ഞാറോട്ടു മാറ്റി സ്ഥാപിച്ച് പമ്പിങ് നടത്തിയിരുന്നു. ഇവിടെ നേരത്തെ മുതൽ സ്വകാര്യ വ്യക്തികളുടെ വാച്ചാൽ തോടുണ്ടായിരുന്നു.
വേനൽ കൃഷിക്കു തുടങ്ങുന്നതിനു മുന്നോടിയായി മോട്ടർ പ്രവർത്തിപ്പിച്ച് അമിതമായ സമർദമുണ്ടായതാണ് മട വീഴ്ചയ്ക്ക് കാരണമെന്ന് നിലയുടമ പാമ്പനചിറയിൽ ഷേർളി ജോയി പറഞ്ഞു. ഷേർളിയുടെ ഒന്നരയേക്കറിലെ വിത പൂർണമായും വെള്ളത്തിനടിയിലായി. 150 കിലോഗ്രാം നെല്ലാണ് ഇവിടെ വിതച്ചത്. വിതച്ച് 18 ദിവസം കഴിഞ്ഞാണ് മട വീണു കനത്ത നഷ്ടമാണുണ്ടായത്. പാടത്ത് ഇപ്പോൾ ഒന്നരയടി വെള്ളമുണ്ട്.
18 ദിവസം പ്രായമായ ഞാറു പോലും കാണാൻ കഴിയാത്ത വിധത്തിൽ പാടം വെള്ളത്തിൽ മുങ്ങി. പാമ്പനംചിറയിൽ നിന്നും മോട്ടർ പുര ഇവിടേക്കു മാറ്റി സ്ഥാപിച്ചതു സംബന്ധിച്ചു നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഇനിയും ഇവിടെ കൃഷിയിറക്കണമെങ്കിൽ സർക്കാർ സഹായം വേണമെന്ന് കർഷകർ പറഞ്ഞു.