6 വർഷം: റോഡിൽ പൊലിഞ്ഞത് 1958 ജീവനുകൾ; സ്വപ്നം പൊലിഞ്ഞു ചോര വീണു..
Mail This Article
ആലപ്പുഴ ∙ ആറു വർഷങ്ങൾക്കിടെ ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞത് 1958 ജീവനുകൾ. അതായത് ഓരോ മാസവും ശരാശരി 27 ജീവനുകൾ. 2019 മുതലുള്ള വർഷങ്ങളിലാണു ജില്ലയിലെ റോഡുകളിൽ ഇത്രയും ജീവൻ പൊലിഞ്ഞത്. ഇക്കാലയളവിൽ റോഡ് അപകടങ്ങളെത്തുടർന്ന് 20,497 കേസുകളാണു റജിസ്റ്റർ ചെയ്തത്. 16,720 പേർക്കു സാരമായി പരുക്കേറ്റു. 6638 പേർക്കു ചെറിയ പരുക്കുകളുമുണ്ടായി. ദേശീയപാതകളിൽ 842 മരണമാണ് ഉണ്ടായത്. സംസ്ഥാനപാതകളിൽ 291 പേർക്കും പഞ്ചായത്ത് റോഡുകളും ഗ്രാമീണ പാതകളും ഉൾപ്പെടെയുള്ളവയിൽ 825 പേർക്കും ജീവൻ നഷ്ടപ്പെട്ടു.
മുൻപു ദേശീയപാതയിലാണു കൂടുതൽ അപകടങ്ങൾ ഉണ്ടായത് എങ്കിൽ 2021നു ശേഷം ഗ്രാമീണപാതകളിലാണു കൂടുതൽ അപകടമരണങ്ങൾ. മുൻപും ഗ്രാമീണ പാതകളിൽ അപകടങ്ങളുടെ എണ്ണം കൂടുതലായിരുന്നെങ്കിലും ചെറുപാതകളിൽ വാഹനങ്ങളുടെ വേഗം കുറവാകുമെന്നതിനാൽ അപകടത്തിൽ കൊല്ലപ്പെടുന്നതും പരുക്കേൽക്കുന്നതും കുറവായിരുന്നു. ദേശീയ, സംസ്ഥാന പാതകളിലെ അപകടങ്ങളിൽ കൂടുതലും മുൻപിലെ വാഹനത്തെ അശ്രദ്ധമായി മറികടക്കുന്നതു കാരണമാണെന്നു പൊലീസ് പറയുന്നു. ആറു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കളർകോട്ടെ അപകടവും പാതിരപ്പള്ളിയിൽ യുവാക്കൾ ലോറിക്കടിയിൽപെട്ടു മരിച്ചതും വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ്.
പലപ്പോഴും മുൻപിൽ നിന്നെത്തുന്ന വാഹനങ്ങൾ കാണാതെയാണു മുൻപിലെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നത്. ഇതു നേർക്കുനേരെയുള്ള കൂട്ടിയിടികളിലേക്കും നയിക്കുന്നു. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലാണ്. ദീർഘദൂര യാത്രയിൽ ആലപ്പുഴയിലെ റോഡിനെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്തവർ അമിതവേഗമെടുക്കുന്നതും ഡ്രൈവർ ഉറങ്ങിപ്പോകുന്നതും അപകടകാരണമാകുന്നുണ്ടെന്നു പൊലീസ് പറയുന്നു.
ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ അപകടങ്ങൾ കുറഞ്ഞേക്കുമെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പറയുന്നു. റോഡിന്റെ സ്ഥിതി കണക്കിലെടുത്തു സ്വയം വേഗനിയന്ത്രണം ഏർപ്പെടുത്തിയാൽ അപകടങ്ങൾ കുറയ്ക്കാം. വളവുകളിൽ വേഗം കുറയ്ക്കണമെന്നു ഹമ്പോ മറ്റു വേഗ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാതെ തന്നെ സ്വയം നിയന്ത്രിക്കുന്ന രീതിയിലേക്കു ഡ്രൈവിങ് സംസ്കാരം മാറണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.