തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ: എറണാകുളം– തുറവൂർ ഭാഗത്ത് ഭൂമിയേറ്റെടുക്കൽ ജനുവരിയിൽ തീരും
Mail This Article
ആലപ്പുഴ∙ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി എറണാകുളം തുറവൂർ ഭാഗത്തു ഭൂമിയേറ്റെടുക്കൽ ജനുവരി അവസാനത്തോടെ പൂർത്തിയാകും. നിലവിൽ കുമ്പളം, അരൂർ, എഴുപുന്ന വില്ലേജുകളിൽ ഏറ്റെടുത്ത ഭൂമി റെയിൽവേക്കു കൈമാറിയിട്ടുണ്ട്. ജനുവരിക്കകം കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ വില്ലേജുകളിലെ ഭൂമിയും ഏറ്റെടുത്തു കൈമാറും. തീരദേശ റെയിൽപാതയിൽ അമ്പലപ്പുഴ എറണാകുളം ഭാഗത്താണ് ഒറ്റപ്പാതയുള്ളത്. ഇതിൽ തുറവൂർ മുതൽ എറണാകുളം വരെയുള്ള ഭാഗത്താണു ഭൂമിയേറ്റെടുക്കൽ ആരംഭിച്ചത്.
എറണാകുളം ജില്ലയിലാണു ഭൂമിയേറ്റെടുക്കൽ ഏറെ പുരോഗമിച്ചത്. ഇവിടെ ഏതാനും ഭൂവുടമകളിൽ നിന്നു കൂടിയേ ഭൂമി ഏറ്റെടുക്കാനുള്ള.ആലപ്പുഴ ജില്ലയുടെ വടക്കു ഭാഗത്ത് അരൂർ, എഴുപുന്ന വില്ലേജുകളിലാണു ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയായത്. കോടംതുരുത്ത് വില്ലേജിലെ ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി 10ന് അകം സ്ഥലം റെയിൽവേക്കു കൈമാറും.
കുത്തിയതോട്, തുറവൂർ വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇവിടങ്ങളിൽ ഏറ്റെടുക്കാനുള്ള ഭൂമിയുടെ രേഖകളുടെ പരിശോധന കഴിഞ്ഞു നഷ്ടപരിഹാര വിതരണത്തിനായി ശുപാർശ ചെയ്തിട്ടുണ്ട്. ഭൂമിയുടെ മൂല്യവും നഷ്ടപരിഹാരവും വിതരണം ചെയ്ത ശേഷമാകും ഭൂമി റെയിൽവേക്കു കൈമാറുക.ഭൂമി റീസർവേ നടക്കാത്തതിനാലാണു ഭൂമിയേറ്റെടുക്കൽ വൈകിയത്. മുൻപുള്ള സർവേയിൽ ഒരു സർവേ നമ്പറിലെ ഭൂമി പിന്നീടു വീതം വയ്ക്കുകയും മറ്റും ചെയ്തപ്പോൾ അവകാശികളുടെ എണ്ണം കൂടി.
ഇത്തരം സ്ഥലങ്ങളിൽ സർവേയറെ വച്ചു ഭൂമി അളന്നു തിരിച്ച ശേഷമാണു നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. ഇതു കാലതാമസത്തിന് ഇടയാക്കുന്നുണ്ട്.നിലവിൽ റെയിൽവേക്കു കൈമാറിയ ഭൂമി നിരപ്പാക്കുന്നതും പാലങ്ങളുടെ നിർമാണവും ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. അരൂർ കുമ്പളം പാലത്തിനായി പൈലിങ് ഉൾപ്പെടെയുള്ള ജോലികളും ആരംഭിച്ചിരുന്നു.