10 കിലോമീറ്റർ, 2 മാസം, 9 മരണം; ചേർത്തല നഗരപരിധിയിൽ അപകടങ്ങൾ പെരുകുന്നു
Mail This Article
ചേർത്തല ∙ രണ്ടു മാസത്തിനിടെ ചേർത്തല നഗരപരിധിയിൽ ദേശീയപാതയിലും പ്രധാന റോഡുകളിലും നടന്ന അപകടങ്ങളിൽ മരിച്ചത് 9 പേർ. നഗരത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലായിരുന്നു ഈ അപകടങ്ങൾ. ദേശീയപാതയിൽ തങ്കി കവല മുതൽ കഞ്ഞിക്കുഴി വരെയും ചേർത്തല– എക്സ്റേ റോഡിലും ചേർത്തല– അരൂക്കുറ്റി റോഡിലുമാണ് അപകടങ്ങൾ വർധിക്കുന്നത്. ഇരുചക്ര വാഹനയാത്രക്കാരാണു അപകടത്തിൽ പെടുന്നതിൽ ഏറെയും.
ദേശീയപാതയിൽ നിർമാണം നടക്കുന്നതിനാൽ റോഡിന്റെ വീതി കുറഞ്ഞതും പല സ്ഥലത്തും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടത്തിനു കാരണമാകുന്നു. വീതിയില്ലാത്ത റോഡുകളിൽ വാഹനങ്ങളുടെ തിരക്കിനൊപ്പം അമിതവേഗവും കൂടി ചേരുമ്പോൾ അപകടം പതിവാകുന്നു. ചെറുറോഡുകളിൽ നിന്ന് ദേശീയപാതയിലേക്കു പ്രവേശിക്കുന്ന വാഹനങ്ങളാണു പലപ്പോഴും അപകടത്തിൽ പെടുന്നത്. ചേർത്തല– അരൂക്കുറ്റി റോഡിലും ചേർത്തല– തണ്ണീർമുക്കം റോഡിലും വാഹനങ്ങളുടെ അമിതവേഗതയാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്.
ദേശീയപാതയിൽ തങ്കി കവല, സെന്റ് മൈക്കിൾസ് കോളജ് പരിസരം, അർത്തുങ്കൽ ബൈപാസ് റോഡ്, ചേർത്തല– അരൂക്കുറ്റി റോഡിലെ പള്ളിപ്പുറം, തണ്ണീർമുക്കം എന്നിവിടങ്ങളിലാണ് വിവിധ അപകടങ്ങളിലായി 9 പേർക്കു ജീവൻ നഷ്ടമായത്. ദേശീയപാതയിൽ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ തടസ്സങ്ങൾ നീക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും പൊലീസും മോട്ടർ വാഹനവകുപ്പും ചേർന്നു ഗതാഗതം നിയന്ത്രിക്കുകയും ചെയ്യണമെന്നാണു യാത്രക്കാരുടെ ആവശ്യം.